സരിതയുടെ മൊഴി: മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്ന് കോടതി

July 26, 2013 കേരളം

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ കോടതിയില്‍ നല്‍കിയ മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സിജെഎം കോടതി. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഒരു കെട്ടു നുണകളാണെന്നും മറ്റുള്ളവരുടെ തിരക്കഥയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാനാകില്ലെന്നും അഡീഷണല്‍ സിജെഎം വ്യക്തമാക്കി. സരിതയ്ക്ക് പറയാനുള്ള പരാതി സ്വയം എഴുതി നല്‍കണമെന്ന് ഉത്തരവിട്ട കോടതി ഇക്കാര്യത്തില്‍ അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്നും വ്യക്തമാക്കി. സരിത വിദ്യാഭ്യാസമുള്ള യുവതിയാണ്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ സ്വന്തം കൈപ്പടയില്‍ എഴുതി ജയില്‍ സൂപ്രണ്ടിന് കൈമാറാം. ഈ പരാതി 31 നകം കോടതിയില്‍ നല്‍കണമെന്നും അഡീഷണല്‍ സിജെഎം വ്യക്തമാക്കി. ബാഹ്യ ഇടപെടല്‍ ഒഴിവാക്കാനാണ് അഭിഭാഷകന്റെ സാന്നിധ്യം ഒഴിവാക്കുന്നതെന്നും കോടതി വ്യക്തമാക്കി. സരിതയുടെ പരാതി വാങ്ങി നല്‍കണമെന്ന് നിര്‍ദേശിച്ച് സരിതയെ പ്രവേശിപ്പിച്ചിട്ടുളള അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കസ്റഡിയിലുള്ള പ്രതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടണം. അല്ലാതെ കോടതിക്ക് സ്വയം ഇക്കാര്യം ചെയ്യാനാകില്ല. സരിതയ്ക്ക് പറയാനുളള പ്രാഥമിക കാര്യങ്ങള്‍ മാത്രമാണ് കോടതി കേട്ടിട്ടുള്ളത്. വിശദമായ കാര്യങ്ങള്‍ എഴുതി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ആ നിലയ്ക്ക് കോടതിയില്‍ നല്‍കിയ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. സരിത അത്തരത്തിലുള്ള രഹസ്യമൊഴികള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും ജഡ്ജി വ്യക്തമാക്കി. കോടതിക്ക് ഇത്തരത്തില്‍ ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും ഈ കേസില്‍ രഹസ്യങ്ങള്‍ ഒന്നും കോടതി സൂക്ഷിക്കുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി. സരിതയുടെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്‍ അടക്കം ഈ രീതിയിലായിരുന്നു മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്. സരിത നല്‍കിയ മൊഴിയാണ് താന്‍ പരാതിയായി എഴുതി വാങ്ങാന്‍ പോകുന്നതെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം