മാധ്യമങ്ങള്‍ക്കെതിരായ നിയമനടപടി: തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി

July 28, 2013 കേരളം

കൊച്ചി: തെറ്റായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡല്‍ഹിയിലേക്ക് പോകുന്നതിനു മുന്‍പ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം അഡ്വക്കേറ്റ് ജനറലുമായി താന്‍ ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമസ്വാതന്ത്യ്രത്തെയല്ല, മാധ്യമങ്ങള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമവും നിയമവ്യവസ്ഥിതിയും കുറച്ചുപേര്‍ക്ക് മാത്രമാണെങ്കില്‍ ആരെങ്കിലും സമ്മതിച്ചുകൊടുക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത് പാര്‍ട്ടിയുടെ തീരുമാനമാണോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം