ബൈക്കില്‍ അഭ്യാസം നടത്തിയ യുവാക്കള്‍ക്ക് നേരെ ഡല്‍ഹി പോലീസ് വെടിയുതിര്‍ത്തു; ഒരാള്‍ കൊല്ലപ്പെട്ടു

July 28, 2013 ദേശീയം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്ട്രീറ്റിനടുത്ത് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്ന യുവാക്കള്‍ക്കു നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടു മണിയോടെ വിന്‍ഡ്സര്‍ ലെയ്നിലെ ഗോല്‍ ധക് ഖാനാ ഏരിയയിലായിരുന്നു സംഭവം. കിരണ്‍ പാണ്ഡെ എന്ന 19 കാരനാണ് പോലീസിന്റെ വെടിയേറ്റു മരിച്ചത്. മുപ്പതോളം പേരടങ്ങുന്ന യുവാക്കളുടെ സംഘമായിരുന്നു അഭ്യാസം നടത്തിയത്. ഇതിനിടെ യുവാക്കളുടെ അഭ്യാസപ്രകടനത്തെക്കുറിച്ച് വിവരം ലഭിച്ച ഡല്‍ഹി പോലീസിന്റെ പിസിആര്‍ വാഹനം ഇവരെ പിന്തുടര്‍ന്നെത്തി. പോലീസിനെ കണ്ട് യുവാക്കള്‍ ബൈക്കുകളുമായി രക്ഷപെട്ടു. എന്നാല്‍ വഴിയില്‍ പോലീസിന്റെ മറ്റൊരു പിസിആര്‍ വാഹനം കണ്ടതോടെ യുവാക്കള്‍ ഇവര്‍ക്കു നേരെ കല്ലെറിയുകയായിരുന്നു. ഇതോടെയാണ് പോലീസ് വെടിവെച്ചത്. ആദ്യ തവണ ആകാശത്തേക്കും പിന്നീട് ബൈക്കിന്റെ ടയര്‍ ലക്ഷ്യമാക്കിയുമായിരുന്നു പോലീസ് വെടിയുതിര്‍ത്തത്. വെടിവെച്ച സമയത്ത് ബൈക്കിന്റെ ടയര്‍ മുകളിലേക്ക് ഉയര്‍ത്തി നിര്‍ത്തിയിരുന്നതിനാല്‍ വെടിയുണ്ട ആകസ്മികമായി യുവാവിന്റെ മേല്‍ പതിക്കുകയായിരുന്നു. പരിക്കേറ്റ കിരണിനെ ഉടന്‍ തന്നെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കിരണിന് ഒപ്പമുണ്ടായിരുന്ന പുനീത് ശര്‍മയെന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാള്‍ മദ്യപിച്ചിരുന്നതായി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം