ടെലിവിഷന്‍ പൊട്ടിത്തെറിച്ചു വീടു തകര്‍ന്നു

July 28, 2013 മറ്റുവാര്‍ത്തകള്‍

മംഗലാപുരം: ടെലിവിഷന്‍ പൊട്ടിത്തെറിച്ചു വീടു തകര്‍ന്നു. മംഗലാപുരത്തിനടുത്ത ബല്‍ത്തങ്ങാടി കുക്കേദിയിലാണു സംഭവം നടന്നത്. റിട്ട.പോലീസ് ഓഫീസറായ സുബ്ബറാവുവിന്റെ വീട്ടിലെ ടെലിവിഷനാണു കഴിഞ്ഞദിവസം പൊട്ടിത്തെറിയുണ്ടായത്. ടിവിയില്‍ സീരിയല്‍ കാണുകയായിരുന്നു സുബ്ബറാവുവും ഭാര്യ ജലജാക്ഷിയും. ഇതിനിടെ ടിവി ഓഫാക്കാതെ സുബ്ബറാവു മറ്റൊരു റൂമിലേക്കും ഭാര്യ ബാത്ത്റൂമിലേക്കും പോയപ്പോഴാണു വന്‍ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗവും പൂമുഖത്തെ മരംകൊണ്ടുള്ള തൂണും ഇളകി വീണു. തറയിലെ ടൈല്‍സ് ഇളകിത്തെറിക്കുകയും ചെയ്തു. പൊട്ടിത്തെറിയേത്തുടര്‍ന്നു തീപ്പൊരി വീണു വീട്ടുമുറ്റത്തെ വൈക്കോല്‍ശേഖരത്തിനു തീപിടിച്ചു. ഇതേത്തുടര്‍ന്ന് കന്നുകാലിക്കൂട് പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. സുബ്ബറാവുവും ഭാര്യയും അയല്‍വാസികളുടെ സഹായത്തോടെ കന്നുകാലികളെ അഴിച്ചുമാറ്റുകയായിരുന്നു.

ഒരു വര്‍ഷംമുമ്പു വാങ്ങിയ ടെലിവിഷന്‍ സെറ്റാണു പൊട്ടിത്തെറിച്ചത്. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും സുബ്ബറാവു പറഞ്ഞു. തലവാരിഴയ്ക്കാണു താനും ഭര്‍ത്താവും രക്ഷപ്പെട്ടതെന്നു ഭയവിഹ്വലയായി ജലജാക്ഷി പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം എന്തെന്നു വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടോ അമിത വോള്‍ട്ടേജോ ആയിരിക്കാം കാരണമെന്നാണു പ്രാഥമിക നിഗമനം. സ്ഥിരമായി ടെലിവിഷന്‍ സെറ്റുകള്‍ ഓണായി കിടക്കുന്നതു അപകടകരമാണെന്നും സ്ഥിരമായി ടെലിവിഷന്‍ കാണുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നും വ്യക്തമാക്കി നിരവധി പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍