സംസ്ഥാനത്ത് ഇന്നു മുതല്‍ മരുന്ന് വില കുറയും

July 28, 2013 പ്രധാന വാര്‍ത്തകള്‍

  • തിങ്കളാഴ്ച്ചക്ക് ശേഷം പഴയ വിലയില്‍ മരുന്ന് വിറ്റാല്‍ ഏഴ് വര്‍ഷം തടവ്

തിരുവനന്തപുരം: മരുന്നുകളുടെ വില ഇന്നു മുതല്‍ കുറയും. 151 മരുന്നുകളെ വില നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ തീരുമാനത്തോടെയാണ് വില കുറയുന്നത്. രക്തസമ്മര്‍ദ്ദം, അര്‍ബുദം, ആസ്തമ, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയില്‍ കുറവുണ്ടാകും. എന്നാല്‍ വന്‍കിട കമ്പനികള്‍ കൃത്രിമ മരുന്നുക്ഷാമം സൃഷ്ടിച്ചേക്കുമെന്ന് ആശങ്കയുള്ളതിനാല്‍ മിന്നല്‍ പരിശോധനയ്ക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Medicines1കഴിഞ്ഞമാസം പതിനാലിനാണ് 151 മരുന്നുകളുടെ വിലകുറച്ച് മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ വിജ്ഞാപനം ഇറങ്ങിയത്. 45 ദിവസത്തിനുളളില്‍ വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങണമെന്നായിരുന്നു ഉത്തരവ്. നാളെ ഈ സമയപരിധി അവസാനിക്കും. നിയന്ത്രണം വരുന്നതോടെ രക്തസമ്മര്‍ദ്ദം, അര്‍ബുദം, ആസ്തമ, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയില്‍ കുറവുണ്ടാകും.

പാരസെറ്റാമേള്‍ ഗുളികക്കും സിറപ്പിനും വില കുറയും. അര്‍ബുദ രോഗത്തിനുളള ഡോക്‌സോറുബിസിസിന്‍ ബ്ലയോമയിസിന്‍ മൈതോട്രാക്‌സി തുടങ്ങിയ രാസനാമങ്ങളിലുളള മരുന്നുകളുടെ വിലയില്‍ നല്ല കുറവുണ്ടാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുളള ലൊസാട്ടന്‍ ഗ്ലിളിസറയില്‍ ട്രൈയ് നൈട്രേറ്റ് എന്നിവയും വില കുറയുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്. ക്ഷയ രോഗത്തിനുളള മരുന്നുകള്‍ക്കും പ്രസവസമയത്ത് നല്‍കുന്ന മരുന്നുകള്‍ക്കും വിലകുറയും. പേവിഷ ബാധക്കുളള റാബിസ് വാക്‌സിനും ടെറ്റനസ് ഡിപിടി വാക്‌സിനുകള്‍ക്കും വിലകുറയുമെന്നാണ് സൂചന.

അതേസമയം വില കുറയുന്നതോടെ വന്‍കിട കമ്പനികള്‍ കൃതിമ ക്ഷാമം ഉണ്ടാക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വില കുറയുന്ന മരുന്നുകളുടെ പഴയ സ്റ്റോക്ക് ഉണ്ടെങ്കില്‍ അത് പിന്‍വലിച്ച് പുതുക്കിയ വിലയ്ക്ക് വില്‍ക്കണമെന്നാണ് അതോറിറ്റി നിര്‍ദേശം. അല്ലെങ്കില്‍ പുതിയ വിലയുടെ സ്റ്റിക്കറൊട്ടിച്ച് വില്‍പന നടത്തണം. എന്നാല്‍ ചുരുങ്ങിയ സമയ പരിധിക്കുളളില്‍ ഈ നിര്‍ദേശങ്ങള്‍ സാദ്ധ്യമാകില്ലെന്നാണ് മരുന്ന് വിതരണക്കാരുടെ നിലപാട്.

തിങ്കളാഴ്ച്ചക്ക് ശേഷം പഴയ വിലയില്‍ മരുന്ന് വിറ്റാല്‍ ഏഴ് വര്‍ഷം തടവാണ് വിജ്ഞാപനത്തില്‍ അതോറിറ്റി ശുപാര്‍ശ ചെയ്യുന്നത്. മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ അറിയിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍