ലോട്ടറി: വിഎസിന്റെ നീക്കത്തെപ്പറ്റി അറിയില്ലെന്ന്‌ കേന്ദ്രനേതൃത്വവും

December 3, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ലോട്ടറി കേസ്‌ സിബിഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തെഴുതിയതിന്റെ പശ്‌ചാത്തലം തങ്ങള്‍ക്കും അജ്‌ഞാതമാണെന്ന്‌ പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്‌തമാക്കി. ലോട്ടറി വകുപ്പ്‌ കൈകാര്യം ചെയ്യുന്ന ധനമന്ത്രിയോട്‌ സൂചിപ്പിക്കുക പോലും ചെയ്യാതെയുള്ള മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ നടപടി, പ്രതിപക്ഷത്തിന്റെ താല്‍പര്യം കണക്കിലെടുത്താണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ലോട്ടറിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്ന സ്‌ഥിതിക്ക്‌ ലോട്ടറി വകുപ്പ്‌ അദ്ദേഹം നേരിട്ട്‌ കൈകാര്യം ചെയ്യുന്നതായിരിക്കും ഉചിതമെന്നു ധനമന്ത്രി തോമസ്‌ ഐസക്‌ ഈയിടെ മുഖ്യമന്ത്രിയോടു നേരിട്ടു പറഞ്ഞെങ്കിലും ഐസക്കുതന്നെ തുടര്‍ന്നും കൈകാര്യം ചെയ്‌താല്‍ മതിയെന്ന്‌ വിഎസ്‌ പറഞ്ഞതായും സൂചനയുണ്ട്‌. വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്തുകൊള്ളട്ടെയെന്ന ഐസക്കിന്റെ നിലപാട്‌ അംഗീകരിക്കേണ്ടതില്ലെന്നു പാര്‍ട്ടി നേതൃത്വവും വ്യക്‌തമാക്കിയതായാണ്‌ അറിയുന്നത്‌.
ഭൂട്ടാന്‍ ലോട്ടറി നിരോധിക്കാന്‍ കേന്ദ്രം തയാറായേക്കുമെന്ന്‌ മുഖ്യമന്ത്രിയോട്‌ ചിലര്‍ വാക്കു നല്‍കി പ്രലോഭിപ്പിച്ചാവാം എല്‍ഡിഎഫ്‌ ഭരണകാലത്തെ ലോട്ടറി പ്രശ്‌നത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന നിലപാടെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലാണ്‌ ചില കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലെടുക്കുന്ന നിലപാടിനെപ്പോലും മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താന്‍ പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കള്‍ മടിക്കുന്നില്ല.ലോട്ടറി വിഷയം സിബിഐക്കു വിടണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌ ഏതു സാഹചര്യത്തിലാണെന്ന്‌ അറിയില്ലെന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണു വസ്‌തുതയെന്ന്‌ ഒരു കേന്ദ്ര നേതാവ്‌ പറഞ്ഞു.
എന്തു ചെയ്യണമെന്ന്‌ സര്‍ക്കാരാണ്‌ തീരുമാനിക്കേണ്ടതെന്നും എന്താണ്‌ സംഭവിച്ചിരിക്കുന്നതെന്ന്‌ തങ്ങള്‍ക്കറിയില്ലെന്നും ഇതിലൊന്നും തലയിടാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും ഈ നേതാവു പറഞ്ഞു.വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രിയോട്‌ ആലോചിക്കാതെ, രഹസ്യമായുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കാവുന്ന നടപടിയല്ലെന്നാണു നേതാക്കള്‍ പറയുന്നത്‌. യുഡിഎഫിന്റെ ഭരണകാലത്ത്‌ ലോട്ടറിയുമായി ബന്ധപ്പെട്ട്‌ സമരത്തിനിറങ്ങിയ ആളാണ്‌ അച്യുതാനന്ദനെന്നും, എന്നാലിപ്പോള്‍ യുഡിഎഫിന്റെ കാലത്തെക്കുറിച്ചല്ല സ്വന്തം ഭരണകാലത്തെക്കുറിച്ച്‌ അദ്ദേഹം അന്വേഷണമാവശ്യപ്പെടുന്നുവെന്നാണ്‌ പത്രങ്ങളില്‍നിന്ന്‌ അറിയുന്നതെന്നും നേതാക്കള്‍ വിശദീകരിച്ചു.
കഴിഞ്ഞയാഴ്‌ച സംസ്‌ഥാന കമ്മിറ്റി പരിഗണിച്ച രേഖയില്‍, തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്‌ ലോട്ടറിയുമായി ബന്ധപ്പെട്ട്‌ വിഎസ്‌ നടത്തിയ പ്രസ്‌താവനകളെക്കുറിച്ച്‌ ശക്‌തമായ പരാമര്‍ശങ്ങള്‍ വേണ്ടെന്ന്‌ നേതൃതലത്തില്‍ തീരുമാനമുണ്ടായിരുന്നെന്നാണ്‌ പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്‌. വിഎസിനെതിരെ കടുത്ത പരാമര്‍ശങ്ങളുണ്ടായാല്‍ അതു പുതിയൊരു വിവാദത്തിനു വഴിവയ്‌ക്കും എന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍.വിവാദമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിച്ചെന്ന്‌ കഴിഞ്ഞ ദിവസം പിണറായി പരസ്യമായി പറയുകയും ചെയ്‌തു. എന്നാല്‍ കമ്മിറ്റിയില്‍ പത്തിലധികം പേര്‍ വിഎസിന്റെ നടപടിയെ ശക്‌തമായി വിമര്‍ശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം