രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്ന് ഉമ്മന്‍ ചാണ്ടി

July 29, 2013 കേരളം

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്ര മന്ത്രി വയലാര്‍ രവിയെ കണ്ടതിനു ശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനെ സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം തീരുമാനമെടുക്കേണ്ടത് രമേശാണെന്നും അദ്ദേഹം പറഞ്ഞു. രമേശിന്റെ നിലപാട് അറിഞ്ഞതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സോളാര്‍ വിഷയം കേരളത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ചര്‍ച്ചയില്‍ മുകുള്‍ വാസ്നികിനെ ധരിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ കേന്ദ്ര മന്ത്രി വയലാര്‍ രവിയുമായി ചര്‍ച്ച നടത്തിയ ഉമ്മന്‍ ചാണ്ടി കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന നിര്‍ദേശമാണ് രവി മുന്നോട്ടുവച്ചത്. ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി മധ്യസ്ഥനാകണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആന്റണി മുന്നിട്ടിറങ്ങണമെന്നാണ് ഗ്രൂപ്പിന്റെ ആവശ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം