സോളാര്‍ തട്ടിപ്പ്: ശാലുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

July 29, 2013 കേരളം

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബഞ്ചാണ് വിധി പറഞ്ഞത്. വിധി പറയവേ ചില ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ കോടതി നടത്തി. തട്ടിപ്പ് തടയാന്‍ കര്‍ശനമായ നിയമ നിര്‍മാണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ ശാലുവിന് തട്ടിപ്പില്‍ പങ്കുണ്ടെന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന കേസിലെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞിട്ടില്ല.

ശാലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ നേരത്തെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ മറയ്ക്കുന്നത് എന്താണെന്നാണ് കോടതി ചോദിച്ചത്. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അവസരമൊരുക്കാത്തതിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. ശാലുവിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം