ക്ഷീരകര്‍ഷകര്‍ക്ക് അനുഗ്രഹമായി നബാര്‍ഡിന്റെ സെല്‍ഫ് ഗ്രൂപ്പ് പദ്ധതി

July 29, 2013 കേരളം

മുള്ളന്‍കൊല്ലി: വരുമാനം വര്‍ധിപ്പിക്കുന്നതിനും ക്ഷീരോത്പാദനം കൂട്ടാനുമായി നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ള സെല്‍ഫ് ഗ്രൂപ്പ് പദ്ധതി ക്ഷീരകര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നു. സംസ്ഥാനത്ത് ആദ്യമായി വയനാട്ടിലാണ് ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി ഇത്തരം സംരംഭം ആരംഭിച്ചിരിക്കുന്നത്. ക്ഷീരവികസനരംഗത്ത് വയനാട് ഏറെ പുരോഗതി കൈവരിച്ചിട്ടുള്ള സാഹചര്യത്തിലാണ് നബാര്‍ഡ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം കര്‍ഷകര്‍ ഒന്നിച്ചു ചേര്‍ന്ന് പശുക്കളെ വളര്‍ത്തി ക്ഷീരോത്പാദനം വര്‍ധിപ്പിക്കുകയും വരുമാനം കൂട്ടുകയുമാണ് ചെയ്യുന്നത്. പശുക്കളെ വാങ്ങുന്നതിനും ഡയറി ഫാം ആരംഭിക്കുന്നതിനും നബാര്‍ഡ് സാമ്പത്തിക സഹായം നല്കും. പദ്ധതിക്ക് വേണ്ടി ചെലവാക്കുന്ന തുകയുടെ സിംഹഭാഗവും നബാര്‍ഡ് സബ്സിഡിയായി നല്കും. ആകെ ചെലവാകുന്ന പണം കര്‍ഷകര്‍ ബാങ്കില്‍ നിന്നും ആദ്യം വായ്പയായി സംഘടിപ്പിക്കണം. സബ്സിഡിയായി ലഭിക്കുന്ന തുക ബാങ്ക് വായ്പയിലേക്ക് അടയ്ക്കണം. ഈ മാസം 31-ന് മുമ്പ് പദ്ധതി നടത്താന്‍ താത്പര്യമുള്ള ഗ്രൂപ്പുകള്‍ അപേക്ഷ നല്കണം. ബാങ്ക് വായ്പയുടെ വിവരങ്ങളും അപേക്ഷയോടൊപ്പം ചേര്‍ക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം