ജാനുദര്‍ശനം

July 30, 2013 മറ്റുവാര്‍ത്തകള്‍,സനാതനം

 തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 25)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

ജാനുദര്‍ശനം

സകല ഗുണമിളിത കളഭകുലമസ്തകം
തൊഴുതടിപണിയുന്ന ജാനുക്കള്‍ തൊഴുന്നേന്‍

ആനയുടെ മസ്തകംപോലെ മനോഹരമാണ് ശ്രീപരമേശ്വരന്റെ കാല്‍മുട്ടുകള്‍. എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്നു രമണീയമായ കാല്‍മുട്ടുകളെ വന്ദിക്കുന്നു. ശരീരത്തെ താങ്ങിനിറുത്തുകയെന്ന ധര്‍മ്മം ജാനുക്കള്‍ക്കുണ്ട്. ശിവന്റെ വിരാട് ശരീരമായി അനവരതം തിരിയുന്ന പ്രപഞ്ചഗോളങ്ങളെയും ഗോളസമൂഹങ്ങളെയും നിലനിര്‍ത്തുന്ന പരമാത്മതത്ത്വത്തെ അതു പ്രതിനിധീകരിക്കുന്നു. ധര്‍മ്മം എന്ന പദം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ധരതി ലോകാന്‍ എന്നാണ് അതിന്റെ ആശയം, ലോകത്തെ ധരിക്കുന്നത്, വഹിക്കുന്നത്, നിലനിര്‍ത്തുന്നത് ഏതോ അതു ധര്‍മ്മം, പ്രപഞ്ച ഉണ്ടാകുന്നതും നിലനില്ക്കുന്നതും ലയിക്കുന്നതും പരമാത്മാവിലാണ്. അതിനാല്‍ പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന തത്ത്വം അഥവാ ധര്‍മ്മം പരമാത്മാവാകുന്നു. ജാനുക്കള്‍ പരമാത്മ പ്രതീകമാകുന്നത് അങ്ങനെയാണ്.

slider-siva-9ജാനുദര്‍ശനം ബ്രഹ്മചര്യത്തെ, ഈശ്വരോന്മുഖമായജീവിതത്തെ, ഉപദേശിക്കുന്നു. നടക്കാന്‍ മനുഷ്യനെ സഹായിക്കുന്ന ശരീരഘടകമാണു കാല്‍മുട്ട്, എങ്ങനെ നടക്കണം എങ്ങോട്ടുനടക്കണം എന്ന ആശയങ്ങളെയെല്ലാം തന്മൂലം അതു പ്രതിനിധീകരിക്കുന്നു. ശിവന്‍പരമാത്മാവാകയാല്‍ ശിവന്റെ ജാനുക്കള്‍ പരമാത്മതത്ത്വത്തിലല്ലാതെ വേറൊരടത്തും ചലിക്കുകയില്ല. മനുഷ്യജീവിതത്തിലെ ഓരോ നേരിയചലനവും പരമാത്മതത്ത്വത്തിലല്ലാതെ വേറൊരിടത്തും ചലിക്കുകയില്ല. മനുഷ്യജീവിതത്തിലെ ഓരോ നേരിയ ചലനവും പരമാത്മ സാക്ഷാത്കാരത്തെ ലക്ഷ്യം വയ്ക്കുന്നതാകണം എന്ന് ശിവന്റെ ജാനുക്കള്‍ നമ്മെ ഉപദേശിക്കുന്നു. ഭൗതികമായ ജീവിതമാര്‍ഗ്ഗങ്ങള്‍പലതുണ്ട്. പക്ഷേ പെട്ടെന്ന് സന്തോഷം തരുമെന്നു തോന്നിക്കുന്ന മോഹകമായ മാര്‍ഗ്ഗങ്ങള്‍ മനുഷ്യനിലെ ആസുരമായ തമോഗുണം വളര്‍ത്തി അധഃപതിപ്പിക്കും. എന്നാല്‍ ഈശ്വരോന്മുഖമായ ജീവിതം സാത്വികഗുണം വളര്‍ത്തി ജ്ഞാനോദയത്തിന് വഴിയൊരുക്കും. അതാണ് ശ്രേയസ്സിന്റെ മാര്‍ഗ്ഗം. അനേകം പ്രലോഭനങ്ങള്‍ മുന്നില്‍ അണിനിരന്നിട്ടും അവയെല്ലാം മണ്‍കട്ട പോലെ നിരസിച്ച് ജ്ഞാനോപദേശം തേടിയ നചികേതസ്സിന്റെ മാര്‍ഗ്ഗമാണത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍