അക്രമത്തെ അംഗീകരിക്കാനാവില്ല: എന്‍.എസ്.എസ്.

July 30, 2013 കേരളം

തിരുവനന്തപുരം: എം.ജി. കോളേജില്‍ നടക്കുന്ന അക്രമത്തെ അംഗീകരിക്കാനാവില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍.എസ്.എസ്. കോളേജുകളില്‍ കാമ്പസ് രാഷ്ട്രീയം നേരത്തെതന്നെ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, എം.ജി. കോളേജില്‍ അതിന് വിപരീതമായി എ.ബി.വി.പി. നേതൃത്വം കൊടുക്കുന്ന കാമ്പസ് രാഷ്ട്രീയം അഴിഞ്ഞാടുകവഴി കോളേജ് അധികൃതര്‍ സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.
അതനുസരിച്ച് മഹാത്മാഗാന്ധി കോളേജില്‍ വിദ്യാര്‍ഥിരാഷ്ട്രീയം പൂര്‍ണമായി നിരോധിച്ചുകൊണ്ടും കോളേജ് പ്രിന്‍സിപ്പലിനും കുടുംബാംഗങ്ങള്‍ക്കും അധ്യാപകഅനധ്യാപക ജീവനക്കാര്‍ക്കും നിലവിലുള്ള വിദ്യാര്‍ഥികള്‍ക്കും ആവശ്യമായതും ഫലപ്രദവുമായ പോലീസ് സംരക്ഷണം നല്‍കുന്നതിനും ഹൈക്കോടതി ജൂലായ് 11ന് അന്തിമവിധി പ്രസ്താവം നടത്തിയിട്ടുണ്ട്.

അതിനെ വകവെയ്ക്കാതെ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളേജില്‍ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണുണ്ടായത്. ലബോറട്ടറിയും വാഹനങ്ങളും നശിപ്പിച്ചതുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും അധ്യാപകരെ അടക്കം കൈയേറ്റം ചെയ്തിരിക്കുകയുമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം