മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം: സുഹൃത്തുക്കളുടെ മൊഴിയെടുക്കും

July 30, 2013 കേരളം

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി രജിത രാജീവ് (20) മരിച്ച സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി രജിതയുടെ സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. മരണത്തില്‍ ദുരൂഹത യുള്ളതിലാണ് സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. കഴക്കൂട്ടത്തെ ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷ ബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം സാധുകരിക്കുന്നതിനുള്ള ഒരു തെളിവും പോലിസിനോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചട്ടില്ല. രാസപരിശോധനാ റിപ്പോര്‍ട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്. ഇതു രണ്ടു ദിവസത്തിനുള്ളില്‍ ലഭ്യമാക്കണമെന്ന് പൊലീസ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമെ ഏതുതരം വിഷമാണ് രജിതയുടെ ശരീരത്തിനുള്ളില്‍ എത്തിയിരിക്കുക എന്ന് പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. പോണ്ടിച്ചേരി ജിപ്മര്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായിരുന്നു രജിത. അവധി കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം ശനിയാഴ്ച വൈകുന്നേരം പോണ്ടിച്ചേരിയിലേക്ക് മടങ്ങാനിരിക്കെയാണ് ഉച്ചയ്ക്ക് മരണം സംഭവിക്കുന്നത്. കൊല്ലം കുന്നപ്പുഴയില്‍ പിതാവ് ഡോ. രാജീവിന്റെ വസതിക്കു സമീപം രജിതയുടെ മൃതദേഹം സംസ്കരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം