ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

July 31, 2013 പ്രധാന വാര്‍ത്തകള്‍

മഞ്ചേരി: മകളുടെ കൂട്ടുകാരിയായ ബാലികയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതി പൂക്കോട്ടുംപാടം ചുള്ളിയോട് പൊന്നാംകല്ല് പാലമ്പറത്ത് അബ്ദുല്‍ നാസറിനാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പ്രതി യാതൊരു തരത്തിലുളള ദയയ്ക്കും അര്‍ഹനല്ലെന്ന് കോടതി വിലയിരുത്തി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വിധി പലര്‍ക്കും ഒരു പാഠമാകണമെന്നും കോടതി നിരീക്ഷിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്െടത്തിയിരുന്നു. 2012 ഏപ്രില്‍ നാലിന് രാവിലെ ആറരക്കായിരുന്നു കേസിനാസ്പദമായ സംഭവം. മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പതുകാരി സല്‍വ കൂട്ടുകാരിയെ വിളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു. ഭാര്യയും മകളും സമീപത്തെ മരണ വീട്ടില്‍ പോയതിനാല്‍ തനിച്ചായിരുന്ന പ്രതി കുട്ടിയെ വീട്ടിനകത്തേക്ക് വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്യുകയും സംഭവം പുറത്തറിയുമെന്ന് ഭയന്ന് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹം കുളിമുറിയില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 376, 302, 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്. ബലാല്‍സംഗം, കൊലപാതകം എന്നീ വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി 201-ാം വകുപ്പനുസരിച്ച് തെളിവു നശിപ്പിച്ചുവെന്ന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നും കണ്െടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍