1977 മുതലുള്ള കൃഷിഭൂമികള്‍ക്കു പട്ടയം നല്‍കണമെന്ന് പി.സി. ജോര്‍ജ്

July 31, 2013 കേരളം

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് 1977 മുതലുള്ള കൃഷിഭൂമികള്‍ക്കെല്ലാം പട്ടയം നല്‍കണമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാനുമായ പി.സി. ജോര്‍ജ്. കാഞ്ഞങ്ങാട് ഗസ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയം നല്‍കുമെന്നു പ്രഖ്യാപനം നടത്തിയിട്ടു 35 വര്‍ഷങ്ങള്‍ പിന്നിട്ടു. പത്തില്‍ ഒരാള്‍ക്കു പോലും ഇന്നു പട്ടയമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുഖംനോക്കാതെ തീരുമാനമെടുക്കണം. കര്‍ഷകര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചിരുന്നു പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിനു പ്രാധാന്യം കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. ന്യൂനപക്ഷങ്ങള്‍ക്കു മുന്‍ഗണന നല്‍കുമ്പോള്‍ ഏറ്റവും വേദനിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ ബ്രാഹ്മണ സമുഹത്തിനു പ്രധാന പരിഗണന നല്‍കണം. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വന്നാല്‍ മാത്രം പ്രശ്നപരിഹാരമാവില്ല. അതേസമയം ഉപമുഖ്യമന്ത്രിപദം സംബന്ധിച്ചു ഘടകകക്ഷികളോടു പറഞ്ഞുതീര്‍ക്കാവുന്ന കാര്യമേയുള്ളൂ. ഘടകകക്ഷികള്‍ വിട്ടുവീഴ്ചയ്ക്കു തയാറായ പാര്‍ട്ടികളാണ്.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനു നല്ല നമസ്കാരം പറഞ്ഞ പി.സി.ജോര്‍ജ്, ഗണേഷ്കുമാറിനെതിരേ താന്‍ വസ്തുതകള്‍ മാത്രമാണു നിരത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെ ആര്‍ക്കും ചെറുതായി കാണാനാവില്ലെന്നും 33 വര്‍ഷമായി താന്‍ എസ്എന്‍ഡിപിയുമായി നല്ല ബന്ധത്തിലാണെന്നും ചീഫ് വിപ്പ് പറഞ്ഞു. ആയിരക്കണക്കിനു മഹിളാ കോണ്‍ഗ്രസുകാരുള്ളപ്പോഴാണു ശാലുവിനെ സെന്‍സര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ഇടതുപക്ഷം ക്ഷയിച്ചുപോയെന്നും അതാണു രാപകല്‍ സമരത്തിലൂടെ വ്യക്തമാകുന്നതെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം