പൊതുമേഖലയിലെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ടു: മുഖ്യമന്ത്രി

July 31, 2013 കേരളം

തിരുവനന്തപുരം: പൊതുമേഖലയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഏറ്റവും മെച്ചപ്പെട്ട നിലയിലേക്ക് വന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ബഹുനില ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡി.പി.ഐ ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ എയിഡഡ് മേഖലയിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കാണുള്ളത്. അടിസ്ഥാനസൗകര്യം ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്കു പോലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യം സര്‍ക്കാര്‍ മേഖലയിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ സ്വാഗതമാശംസിച്ചു. കൗണ്‍സിലര്‍ ഷീജാമധു, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ സി.കെ.മോഹനന്‍, എസ്.സി.ആര്‍.ടി ഡയറക്ടര്‍ വി.കെ. ഹാഷിം, സീമാറ്റ് ഡയറക്ടര്‍ ഡോ.ഇ.വത്സലകുമാര്‍, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍ ബാബു സെബാസ്റ്റ്യന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം