ജോസ് തെറ്റയിലിനെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

August 1, 2013 കേരളം

കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരായ എഫ്ഐആര്‍ റദ്ദാക്കി. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായുള്ള യുവതിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ ആരോപണം വിലപ്പോകില്ല. യുവതിയാണ് തെറ്റയിലിനെ ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടു പോയത്. തെറ്റയിലിനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവതി അദ്ദേഹത്തെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ബലാത്സംഗം എന്നു കോടതി ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസും കോടതി റദ്ദാക്കി. കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരിയായ യുവതി പ്രതികരിച്ചു. വിധി സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇതിനുള്ള നീക്കം നടത്തുമെന്നും അവര്‍ പറഞ്ഞു. തന്റെ നിഷ്കളങ്കത തെളിയിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സോളാര്‍ കേസില്‍ പ്രതിരോധത്തിലായ യുഡിഎഫ് സര്‍ക്കാരിന് ഏറെ ആശ്വാസം പകര്‍ന്നതായിരുന്നു തെറ്റയിലിനെതിരേയുള്ള യുവതിയുടെ ആരോപണങ്ങള്‍. മകനെ വിവാഹം ചെയ്തു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു തന്നെ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചുവെന്നാണ് അങ്കമാലി സ്വദേശിയായ യുവതി ആരോപിച്ചിരിക്കുന്നത്. തെറ്റയിലുമായി ബന്ധപ്പെടുന്നതിന്റെ ഒളി കാമറാ ദൃശ്യങ്ങള്‍ സഹിതമാണ് യുവതി മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം