വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകം

August 1, 2013 കേരളം

കോഴിക്കോട്: സ്വര്‍ണവിലയിലുണ്ടായ ഇടിവ് കാരണം വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമായതായി റിപ്പോര്‍ട്ട്. സ്വര്‍ണകള്ളക്കടത്തില്‍ കരിപ്പൂര്‍ വിമാനത്താവളമാണ് മുന്നില്‍. കസ്റ്റംസ് പരിശോധകര്‍ക്ക് ലഭ്യമാക്കേണ്ട നൂതന സംവിധാനങ്ങളുടെ അപര്യാപ്തതയും സ്വര്‍ണകടത്ത് കൂടാന്‍ കാരണം.

കഴിഞ്ഞ നാല് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം 6 കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. മാര്‍ച്ചില്‍ 3 കോടി 28 ലക്ഷത്തിന്റേയും ഏപ്രില്‍ മാസം 1 കോടി 61 ലക്ഷത്തിന്റേയും സ്വര്‍ണം പിടികൂടി. ഏപ്രില്‍ നാലാം തിയതി മാത്രം ഒരുകോടി 18 ലക്ഷത്തിന്റെ സ്വര്‍ണവേട്ടയാണ് നടന്നത്. ജൂലൈ 23 വരെ 4 കിലോഗ്രാം സ്വര്‍ണം പിടികൂടി.

ആഗോളവിപണിയില്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞതും ഇന്ത്യയില്‍ ഇറക്കുമതി ചുങ്കം 10.3 ശതമാനമായി ഉയര്‍ന്നതുമാണ് വന്‍തോതില്‍ വിമാനത്താവളങ്ങളും തീരദേശവും വഴി കള്ളക്കടത്ത് വര്‍ധിക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നു. കുഴല്‍പ്പണം ഇന്ത്യയില്‍ എത്തിക്കാനുള്ള മാധ്യമമായും സ്വര്‍ണത്തെ ഭൂരിഭാഗവും ഉപയോഗിക്കുന്നു. ഒരു കിലോഗ്രാം സ്വര്‍ണം കടത്തിയാല്‍ രണ്ട് ലക്ഷത്തിലധികം രൂപ നികുതി വെട്ടിക്കാനാകുമെന്നതും ദേഹപരിശോധന കര്‍ശനമാക്കാത്തതും സ്വര്‍ണകടത്ത് കൂടുന്നതിന് കാരണമാകുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം