ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

August 1, 2013 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ താലിബാന്‍ അധീന മേഖലയിലാണ് ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം പാക് നഗരമായ ധേര ഇസ്മായില്‍ ഖാനില്‍ ജയില്‍ ആക്രമിച്ച് തീവ്രവാദികള്‍ അടക്കമുള്ള മുന്നൂറോളം തടവുകാരെ മോചിപ്പിച്ച സംഘത്തില്‍ പെട്ട ഒരാളും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വസീറിസ്ഥാന്‍ മേഖലയില്‍ യുഎസ് ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ ആറു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. പാക് ഭരണകൂടത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് പാക്കിസ്ഥാനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബ് ആക്രമണം നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം