ഇന്ത്യ-പാക്‌ തീവണ്ടി ലക്ഷ്യമാക്കി സ്‌ഫോടനം: രണ്ട്‌ ബോഗികള്‍ പാളം തെറ്റി

December 4, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

കറാച്ചി: ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിച്ച്‌ സര്‍വീസ്‌ നടത്തുന്ന താര്‍ എക്‌സ്‌പ്രസ്‌ ലക്ഷ്യമാക്കി സ്‌ഫോടനശ്രമം. തീവണ്ടി കടന്നുപോകുന്ന പാളത്തിലാണ്‌ സ്‌ഫോടനമുണ്ടായത്‌. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തീവണ്ടിയുടെ രണ്ട്‌ ബോഗികള്‍ പാളംതെറ്റി. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കറാച്ചിയില്‍ നിന്ന്‌ അറുപത്തിയേഴ്‌ കിലോമീറ്റര്‍ അകലെ ധബേജിയിലായിരുന്നു സ്‌ഫോടനം.
കറാച്ചിയില്‍ നിന്ന്‌ രാജസ്ഥാനിലേക്കുള്ള യാത്രയിലായിരുന്നു തീവണ്ടി. അമ്പത്‌ ഇന്ത്യക്കാരുള്‍പ്പെടെ 155 യാത്രക്കാര്‍ തീവണ്ടിയിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം താമസിച്ചാണ്‌ തീവണ്ടി കറാച്ചിയില്‍ നിന്ന്‌ യാത്ര പുറപ്പെട്ടിരുന്നത്‌. സംഭവത്തെക്കുറിച്ച്‌ പാക്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. തീവണ്ടിയുടെ യാത്രയ്‌ക്ക്‌ തടസമുണ്ടാകല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍