ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരില്‍നിന്നു സര്‍വീസ് തുടങ്ങി

August 2, 2013 കേരളം

കണ്ണൂര്‍: കോട്ടയം വഴി തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരില്‍നിന്നു സര്‍വീസ് തുടങ്ങി. പുലര്‍ച്ചെ 4.45ന് കണ്ണൂരില്‍നിന്നുള്ള  12081 നമ്പര്‍ ട്രെയിനിന്‍റെ ആദ്യയാത്ര കെ. സുധാകരന്‍ എംപി ഫ്ളാഗ് ഓഫ് ചെയ്തു.

ബുധന്‍, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. പുലര്‍ച്ചെ 4.45ന് കണ്ണൂരില്‍നിന്നു പുറപ്പെടുന്ന 12081 നമ്പര്‍ ട്രെയിന്‍ ഉച്ചകഴിഞ്ഞു 1.45ന് തിരുവനന്തപുരത്ത് എത്തും. ചൊവ്വ, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞു 2.20ന് തിരുവനന്തപുരത്തുനിന്നു യാത്ര തിരിക്കുന്ന  12082 നമ്പര്‍ ട്രെയിന്‍ രാത്രി 11.30ന് കണ്ണൂരില്‍ എത്തിച്ചേരും. പൂര്‍ണമായും റിസര്‍വേഷന്‍ കോച്ചുകളുള്ള ട്രെയിനിനു കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ തലശേരി, വടകര എന്നിവിടങ്ങളിലാണു സ്റോപ്പുള്ളത്. മൂന്നു എസി ചെയര്‍ കാര്‍, 13 സെക്കന്‍ഡ് ക്ളാസ് ചെയര്‍കാര്‍, രണ്ടു ലഗേജ് ബ്രേക്ക് വാനടക്കം 18 കോച്ചുകളാണുള്ളത്.

ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പിയൂഷ് അഗര്‍വാള്‍, എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ്, വൈസ് ചെയര്‍മാന്‍ ടി.ഒ. മോഹനന്‍, അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ. മേനോന്‍, സീനിയര്‍ ഡിവിഷണല്‍ കമേഴ്സ്യല്‍ മാനേജര്‍ പി.ഡി. ധനഞ്ജയന്‍, കണ്ണൂര്‍ സ്റേഷന്‍ മാനേജര്‍ എ. പ്രതാപരാജന്‍, ഡെപ്യൂട്ടി സ്റേഷന്‍ മാനേജര്‍ ടി.വി. സുരേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം