മലയോരജില്ലകളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കും: മന്ത്രി കെ.സി. ജോസഫ്

August 2, 2013 കേരളം

ഇടുക്കി: മലയോരജില്ലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഈ ഉദ്ദേശശുദ്ധി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഹില്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ശിലാസ്ഥാപകര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തുലിതമായ വികസനം എല്ലാ ജില്ലകളുടെയും അവകാശമാണ്. ഇത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതുകൊണ്ടാണ് ജില്ലയുടെ വികസനം ലക്ഷ്യം വച്ച് മെഡിക്കല്‍ കോളേജ്, താലൂക്ക് ബസ് ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികള്‍ ആവിഷക്കരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചരിത്രത്തിലാദ്യമായി കേരള സര്‍ക്കാര്‍ ഈ വര്‍ഷം ജൂണ്‍ മുപ്പതിനു മുമ്പ് കേരളത്തിലെ 952 പഞ്ചായത്തുകളിലും 152 ബ്ളോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും പദ്ധതി ആവിഷ്കാരം പൂര്‍ത്തിയായി.  ഓരോ പദ്ധതികളും അവയുടെ പ്രാധാന്യത്തിനനുസരിച്ച് സമയമെടുത്ത് പരിശോധിച്ച് നടപ്പിലാക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണസമിതി മന്ദിരത്തില്‍ സര്‍ക്കാരില്‍ നിന്നും 125 ലക്ഷം രൂപയും തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുടെ പദ്ധതിവിഹിതത്തില്‍ നിന്ന് 114 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിന്റെ ചുമതല പി.ഡബ്ള്യു.ഡി. കെട്ടിട വിഭാഗത്തിനാണ്. 18 മാസങ്ങള്‍ കൊണ്ട് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ പ്ളാനിങ് ഓഫീസ്, എക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ജില്ലാ ടൌണ്‍ പ്ളാനിങ് ഓഫീസ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ എന്നിവ ആസൂത്രണമന്ദിരത്തിനു കീഴില്‍ വരും. ഇടുക്കി താലൂക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി താലൂക്ക്തല ഉദ്യോഗസ്ഥരെ നിയമിക്കാനുളള നടപടികള്‍ക്ക് അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു. വികസകാര്യങ്ങള്‍ക്ക് പരമപ്രധാമായ സ്ഥാനം നല്‍കണം. കൂടുതല്‍ ജനകീയ പങ്കാളിത്തം വികസത്തിന് ആക്കം കൂട്ടുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച റോഷി അഗസ്റിന്‍ എം.എല്‍.എ. പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സ്റീഫന്‍, ഡി.പി.സി. അംഗങ്ങളായ അലക്സ് കോഴിമല, കൊച്ചുത്രേസ്യ പൗലോസ്, എം.എം. വര്‍ഗീസ്, അഡ്വ. ജോര്‍ജി ജോര്‍ജ്, മേരി ആന്റണി, ഇന്ദു സുധാകരന്‍, കെ.റ്റി. മൈക്കിള്‍, കെ.എന്‍. മുരളി, ഡി. കുമാര്‍, സുശീല ആനന്ദ്, താജുനിസ്സ കെ.എസ്., ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗിസ്, ബ്ളോക്ക് പഞ്ചായത്തംഗം അനില്‍ ആനിക്കാട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം ടോമി ജോര്‍ജ്ജ്, ഡി.പി.സി. സര്‍ക്കാര്‍ നോമിനി അബ്ബാസ് പി.എം, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി. എന്‍ജിനീയര്‍ ജീസോ കെ ചെറിയാന്‍, സ്പൈസസ് ബോര്‍ഡ് മെമ്പര്‍ റോയി കെ പൗലോസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. തോമസ് സ്വാഗതവും പ്ളാനിങ് ഓഫീസര്‍ സി.വി.പി. നമ്പൂതിരി നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം