എല്ലാ പഞ്ചായത്തിലും മാവേലിസ്‌റ്റോര്‍ തുടങ്ങും: മന്ത്രി അനൂപ് ജേക്കബ്ബ്

August 3, 2013 കേരളം

കൊച്ചി: സപ്ലൈകോ വില്പ്പോനശാലകള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും രണ്ടുവര്‍ഷത്തിനുള്ളില്‍ മാവേലിസ്‌റ്റോര്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഇതിനുള്ള സ്ഥലസൗകര്യം ലഭ്യമാക്കും. 10 ലക്ഷം രൂപയിലധികം വിറ്റുവരവുള്ള മാവേലിസ്‌റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കളറ്റുകളോ പീപ്പിള്‍ ബസാറോ ആയി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈകോ ഓണം-റംസാന്‍ വിപണനമേളയുടെ ഭാഗമായുള്ള മെട്രോ പീപ്പിള്‍ ബസാര്‍ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിപണിയിലെ വില നിയന്ത്രണം ഫലപ്രദമാക്കുന്നതിനാണ് സബ്‌സിഡി നിരക്കുകള്‍ സപ്ലൈകോ പുതുക്കി നിശ്ചയിച്ചത്. സബ്‌സിഡി നിരക്കില്‍ കൂടുതല്‍ അളവ് സാധനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഇതിലുടെ സാധിക്കും. സബ്‌സിഡി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചശേഷവും 40 ശതമാനം വിലക്കുറവ് നല്‍കിയാണ് സപ്ലൈകോ സാധനങ്ങള്‍ നല്‍കുന്നത്.

കിലോഗ്രാമിന് 37 രൂപ മുതല്‍ 29 രൂപ വരെ പൊതുവിപണിയില്‍ വിലയുള്ള അരിയാണ് സപ്ലൈകോ 21 രൂപക്ക് നല്‍കുന്നത്. 36000 മെട്രിക് ടണ്‍ അരി ഓണക്കാലത്ത് സപ്ലൈകോ വിപണിയിലെത്തിക്കും. വിലക്കയറ്റമില്ലാത്ത ഓണം-റംസാന്‍ ഉത്സവകാലമായിരിക്കും ഇത്തവണത്തേതെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 15 വരെ മെടോ പിപ്പിള്‍ ബസാര്‍ നീണ്ടുനില്‍ക്കും. രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 6500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് മെടോ പീപ്പിള്‍ ബസാര്‍ ഒരുക്കിയിട്ടുള്ളത്. ഫെയറില്‍ 13 നിത്യോപയോഗ വസ്തുക്കള്‍ സബ്‌സിഡി നിരക്കിലും മറ്റ് ഉല്‍പ്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലും ലഭിക്കും. നിത്യോപയോഗ വസ്തുക്കള്‍ക്കു പുറമേ ഹോര്‍ട്ടികോര്‍പ്പ് സഹകരണത്തോടെയുള്ള പച്ചക്കറിസ്റ്റാള്‍ മെട്രോഫെയറില്‍ ഉണ്ടാകും. 20 ശതമാനം വിലക്കുറവില്‍ ഇവിടെ പച്ചക്കറികള്‍ ലഭിക്കും. ബസാറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എക്‌സൈസ്മന്ത്രി കെ.ബാബു മുഖ്യാതിഥിയായി. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്‍റേഷന്‍ എം.എല്‍.എ ആദ്യ വില്പ്പന നിര്‍വ്വഹിച്ചു.ലൂഡി ലൂയിസ് എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, നഗരസഭാ കൗണ്‍സിലര്‍ ആഗിടീച്ചര്‍, വിന്‍സന്റ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ സി.എം.ഡി ശ്യാം ജഗന്നാഥന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ജേക്കബ്ബ് ജോസഫ് നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം