പൊതുവിപണിയിലെ വിലനിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കും: സപ്ളൈകോ

August 4, 2013 കേരളം

കൊച്ചി: പൊതുവിപണിയിലെ വിലനിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ് 13 നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി നിരക്കുകള്‍ സര്‍ക്കാര്‍ അനുമതിയോടെ പുതുക്കി നിശ്ചയിച്ചതെന്നു സപ്ളൈകോ അറിയിച്ചു. നിരക്കുകള്‍ പുതുക്കിയതിനൊപ്പം നിലവില്‍ ലഭ്യമാക്കുന്ന സബ്സിഡി സാധനങ്ങള്‍ കൂടുതല്‍ അളവില്‍ വിപണിയിലെത്തിക്കും. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരി മൂന്ന് ഇരട്ടിയും മറ്റു നിത്യോപയോഗ സാധനങ്ങള്‍ ഇരട്ടിയും വിപണിയിലെത്തിക്കും. നിലവില്‍ 15,000 ടണ്‍ അരിയാണു പ്രതിമാസം സപ്ളൈകോ വിറ്റഴിക്കുന്നത്. ഇത് 50,000 ടണ്‍ ആയി വര്‍ധിപ്പിക്കും. വില നിയന്ത്രണത്തിനുള്ള ഫലപ്രദമായ മാര്‍ഗമായിരിക്കും ഇത്.

നിലവിലുള്ള വിപണി ഇടപെടല്‍ സമ്പ്രദായമനുസരിച്ച് ഉയര്‍ന്ന സബ്സിഡി നല്കി കുറഞ്ഞ അളവില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതു ഫലപ്രദമാകുന്നില്ലെന്നാണു വിലയിരുത്തപ്പെടുന്നത്.

ഇതുമൂലം സപ്ളൈകോയ്ക്കു പ്രതിമാസം 43.5 കോടി രൂപയുടെ നഷ്ടവും ഉണ്ടാകുന്നു. സബ്സിഡി നിരക്കുകള്‍ പുതുക്കി കൂടുതല്‍ അളവില്‍ സാധനങ്ങള്‍ വിതരണം ചെയ്താല്‍ അവശ്യസാധനങ്ങളുടെ ലഭ്യത കമ്പോളത്തില്‍ വര്‍ധിക്കുകയും പൊതുവിപണി വില താഴ്ത്തുന്നതിനു പ്രേരകമാകുകയും ചെയ്യും. ആനുകൂല്യകേന്ദ്രിത സമ്പ്രദായത്തില്‍നിന്നു വിപണി ഇടപെടല്‍ സമ്പ്രദായത്തിലേക്കുള്ള ഈ മാറ്റം ഫലത്തില്‍ വിലനിയന്ത്രണത്തിനു മുന്‍കാലത്തേതിനെക്കാള്‍ സഹായകരമായിരിക്കും.

സബ്സിഡി നിരക്കുകള്‍ പുതുക്കിയതിനുശേഷവും പൊതുവിപണിയെക്കാള്‍ 40 ശതമാനം വിലക്കുറവിലാണു സപ്ളൈകോ സാധനങ്ങള്‍ വില്ക്കുന്നത്. കിലോയ്ക്ക് 37 മുതല്‍ 29 രൂപവരെ പൊതുവിപണിയില്‍ വിലവരുന്ന നാല് ഇനം അരിയാണ് 21 രൂപയ്ക്കു സപ്ളൈകോ നല്കുന്നത്. സബ്സിഡി നല്‍കുന്ന മറ്റ് ഒന്‍പത് നിത്യോപയോഗ വസ്തുക്കളുടെ സപ്ളൈകോ വിലയും ബ്രാക്കറ്റില്‍ പൊതുവിപണിവിലയും യഥാക്രമം ചുവടെ ചേര്‍ക്കുന്നു. പഞ്ചസാര 26 രൂപ (34.32), ചെറുപയര്‍ 55 (75.29), ഉഴുന്ന് 42 (66.50), വന്‍കടല 45 (60.58), വന്‍പയര്‍ 35 (60.33), തുവരപ്പരിപ്പ് 45 (77.71), മുളക്– 55 (87.79), മല്ലി 60 (92.79), വെളിച്ചെണ്ണ 62 (82.07). മറ്റു സാധനങ്ങളും വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും. സബ്സിഡി നിരക്കുകളിലെ മാറ്റം കൂടുതല്‍ ഫലപ്രദമായ വിപണി ഇടപെടലിനു സഹായകരമാണെന്നു സപ്ളൈകോ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം