മഴ: നെടുമ്പാശേരി വിമാനത്താവളം അടച്ചു

August 5, 2013 കേരളം

നെടുമ്പാശേരി: കനത്തമഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു. ഇതേതുടര്‍ന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാനസര്‍വീസുകള്‍ തടസപ്പെടുന്ന വിധത്തില്‍ റണ്‍വേയില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചു. രാവിലെ പത്തുമണിയോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഒരുമണിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷമായിരിക്കും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങള്‍ കരിപ്പൂര്‍, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒന്നുവരെ നാല് അന്താരാഷ്ട്ര സര്‍വീസുകളാണ് നെടുമ്പാശേരിയിലേക്ക് എത്തേണ്ടത്. എയര്‍പോര്‍ട്ട് അടച്ചതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കം 16 വിമാനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടമലയാര്‍ ഡാം തുറന്നുവിട്ടതോടെ പെരിയാറില്‍ നിന്നുള്ള കനാലിലെ ജലനിരപ്പ് ഉയര്‍ന്നതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. ഇടമലയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം