ആലുവ മണപ്പുറത്തെ ബലിതര്‍പ്പണം: ബദല്‍ സംവിധാനം ആലുവ അദ്വൈതാശ്രമത്തിലും വിശ്വബ്രഹ്മവിദ്യാപീഠത്തിലും

August 6, 2013 കേരളം

ആലുവ: ശിവരാത്രി മണപ്പുറത്ത് ഇന്നു കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിനായി ഒരുക്കിയിരുന്ന താത്കാലിക തര്‍പ്പണപന്തലുകള്‍ കനത്ത മഴയെ തുടര്‍ന്ന് പൂര്‍ണമായും വെള്ളത്തിനടിയിലായതിനാല്‍ പിതൃതര്‍പ്പണത്തിനു ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

ആലുവ അദ്വൈതാശ്രമത്തിലും വിശ്വബ്രഹ്മവിദ്യാപീഠത്തിലും ആലുവ തോട്ടക്കാട്ടുകര കവല മുതല്‍ പെരിയാര്‍ വരെ റോഡിന് ഇരുവശത്തുമായി കരഭാഗങ്ങളിലും ബലിതര്‍പ്പണം നടക്കും. ആലുവ അദ്വൈതാശ്രമത്തില്‍ 3,000 പേര്‍ക്കും വിദ്യാപീഠത്തില്‍ 200 പേര്‍ക്കും ഒരേസമയം ബലിതര്‍പ്പണത്തിനു സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പെരിയാറില്‍ 12 അടിയോളമാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. മണപ്പുറത്തെ ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തിനടിയിലായി. വൈദ്യുതബന്ധം വിഛേദിച്ചിരിക്കുകയാണ്. 1967നുശേഷം ആദ്യമായാണു ക്ഷേത്രവും പരിസരവും പൂര്‍ണമായും വെള്ളത്തിനടിയിലാകുന്നത്. ഭക്തര്‍ക്കായി ഒരുക്കിയിരുന്ന 500 ലിറ്റര്‍ അരവണയും 5,000 അപ്പവും എണ്ണയും നെയ്യും പൂജാസാമഗ്രികളും വെള്ളം കയറി നശിച്ചു. ആല്‍ത്തറയിലെ കാണിക്കാവഞ്ചിയും വെള്ളത്തിനടിയിലായി. കച്ചവടക്കാരുടെ താത്കാലിക ഷെഡുകളും സാധനങ്ങളും ഒലിച്ചുപോയി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കാര്യാലയവും വെള്ളത്തിനടിയിലായി.

വാവുബലിയോടനുബന്ധിച്ചു തോട്ടക്കാട്ടുകര മണപ്പുറം റോഡ്, പറവൂര്‍കവല എന്നിവയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇരുചക്രവാഹനങ്ങളും അതിലൂടെ കടത്തിവിടില്ല. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി, സിഐ, എസ്ഐ ഉള്‍പ്പെടെയുള്ള 500 പോലീസുകാര്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. വഴിയോര കച്ചവടം നിരോധിച്ചിട്ടുണ്ട്. നഗരത്തിലും ദേശീയപാതയിലും ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നു റൂറല്‍ എസ്പി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം