ചീയപ്പാറ ദുരന്തം: ഇന്നു സര്‍വകക്ഷി യോഗവും പ്രത്യേക മന്ത്രിസഭായോഗവും നടക്കും

August 6, 2013 കേരളം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു സര്‍വകക്ഷി യോഗവും പ്രത്യേക മന്ത്രിസഭായോഗവും നടക്കും. വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചാണ് സര്‍വക്ഷി യോഗം ചേരുന്നത്. നാലുമണിക്കാണ് മന്ത്രിസഭായോഗം. ഇടുക്കിയിലെ ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി ഇന്നു ഉച്ചയോടെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരത്തെത്തും. ഇടുക്കിയിലെ കുഞ്ചിത്തണ്ണി, ചീയപ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് 15-പേര്‍ മരണമടഞ്ഞ പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളത്.

ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് നല്‍കേണ്ട നഷ്ടപരിപരിഹാരതുക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും ഗതാഗത മാര്‍ഗങ്ങളെക്കുറിച്ചും സര്‍വക്ഷിയോഗത്തില്‍ തീരുമാനമെടുക്കും. ദുരന്തസ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ കമ്പനിയെ വിന്യസിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കും. അതേസമയം ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമെടുത്തത്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഇടതുപക്ഷം നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കാന്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം