പൂജ്യ സ്വാമി സത്യാനന്ദസരസ്വതി

August 6, 2013 സ്വാമിജിയെ അറിയുക

എസ്.ഹരിദാസ്
രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം തൃശ്ശൂര്‍ ചിന്മയാമിഷന്‍ വക നീരാഞ്ജലി ഹാളില്‍ ഒരു സ്വാമി വന്നിട്ടുണ്ടെന്നു കേട്ടു. അവിടെ ചെന്നപ്പോള്‍ പ്രസംഗം നടക്കുന്നു. സ്വാമിയല്ല. പുരാണങ്ങളില്‍ കേട്ടിട്ടുള്ള ഋഷിപുംഗവന്‍. ജടാധരന്‍. പക്ഷേ പ്രസംഗം ആംഗലത്തില്‍. സമയം പോയതറിഞ്ഞില്ല. ഒന്നു നേരില്‍കണ്ടിട്ടു പോകാമെന്നുകരുതി. വലിയതിരക്കൊന്നുമില്ല. മുകളിലത്തെ മുറിയില്‍ചെന്നു. പരിചയപ്പെടുത്താനൊന്നും ആരുമുണ്ടായില്ല. മുട്ടുകുത്തി നമസ്‌കരിച്ചു. ഭസ്മപ്രസാദം വാങ്ങിപ്പോന്നു.

Swamiji_SV_sliderപിന്നെ സ്വാമി സത്യാനന്ദസരസ്വതി വരുന്നു എന്നു കേട്ടാല്‍ എത്താവുന്ന ദൂരത്താണെങ്കില്‍ പോയിരിക്കും. സ്വാമിജി പ്രസംഗം തുടങ്ങിയാല്‍ മണിക്കൂറുകള്‍ ഒരേ നില്പ്. പക്ഷേ അതുമുഴുവന്‍ കേള്‍ക്കാതെ എനിക്ക് പോകാന്‍ തോന്നിയിട്ടില്ല.

ആ പ്രസംഗം വെറും പ്രഭാഷണമായിരുന്നില്ല. ഭാരതത്തിന്റെ ആത്മാവ് ഉറഞ്ഞുതുള്ളുന്ന പ്രവചനങ്ങള്‍ ആയിരുന്നു. അനുപമമായ ഒരു സംസ്‌കാരത്തിന്റെ അധഃപതനവും അതിനുള്ള പ്രതിവിധികളുമായി ഹിമഗിരിനിരകളില്‍നിന്നുള്ള ഗരിമയാര്‍ന്ന കുത്തൊഴുക്ക്. ആ ഗംഗാപ്രവാഹം ഉള്‍ക്കൊള്ളാന്‍, അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് നിയോഗമുണ്ടായില്ല!

മന്ത്രതന്ത്ര ശാസ്ത്രങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന വിജ്ഞാനശാഖകളെ ആധുനിക സയന്‍സിന്റെ ഭാഷയില്‍ വിശദീകരിക്കുന്ന പ്രഭാഷണങ്ങളോരോന്നും ഓരോ ഡസന്‍ പി.എച്ച്.ഡികള്‍ക്കുള്ള വിഷയങ്ങളായിരുന്നു. നമ്മുടെ പൈതൃകശാസ്ത്രങ്ങളെ വെളിച്ചത്തുകൊണ്ടുവരുവാനും അതിനുവേണ്ടി പ്രയത്‌നിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനും ബദ്ധശ്രദ്ധനായിരുന്നു സ്വാമിജി.

ആയിടയ്ക്ക് വേദഗണിതത്തെ അടിസ്ഥാനമാക്കി ഞാന്‍ കമ്പ്യൂട്ടറിനെ അതിശയിക്കുന്ന വേഗത്തില്‍ ചില കണക്കുകള്‍ ചെയ്യുന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. അത് സ്വാമിജി പോകുന്ന സ്ഥലത്തെല്ലാം പറയുകയും ചെയ്തിരുന്നു. അങ്ങനെ ഒരിക്കല്‍ തൃശ്ശിവപേരൂര്‍ വടക്കുന്നാഥ ശ്രീമൂലസ്ഥാനത്ത് ഇതുപോലെ പ്രഭാഷണത്തിനിടയില്‍ വേദഗണിതത്തെപ്പറ്റിയും കമ്പ്യൂട്ടറിനെ തോല്‍പ്പിച്ച കാര്യവുമൊക്കെ സ്വാമിജി എന്റെ പേരല്ല പറഞ്ഞിരുന്നത്. പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് നമസ്‌കരിച്ച് പരിചയപ്പെടുത്തി. പിന്നെ പല വേദികളിലും എന്നെ വേദഗണിതത്തിന്റെ പ്രചാരകനായി പരിചയപ്പെടുത്തി. മാത്രമല്ല കാണുമ്പോഴൊക്കെ പറയുമായിരുന്നു, അമേരിക്കയില്‍ പോകണമെന്ന്. പക്ഷേ ഒരു സാദാ സ്‌ക്കൂള്‍ മാഷെ ആര് വിളിക്കാന്‍ എന്ന് ഞാന്‍ കരുതി. സ്വാമിജിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം 2005 ജൂലൈയില്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന അമേരിക്കന്‍ മലയാളികളുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം കിട്ടി.

അമേരിക്കയില്‍ പോയതിനേക്കാള്‍, രണ്ടാഴ്ചക്കാലം സ്വാമിജിയുടെ അടുത്തിടപഴകാന്‍ അവസരം കിട്ടിയത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ബ്രഹ്മാസ്ത്രം പോലെ കൊള്ളേണ്ടിടത്തു കൊള്ളുന്ന വാഗ്‌ധോരണികളാണ് സ്വാമിജിയില്‍ നിന്ന് സാധാരണ കേട്ടിട്ടുള്ളത്. എന്നാല്‍ അടുത്ത ഭക്തന്‍മാരുടെ സത്സംഗങ്ങളില്‍ ഇത്ര സരസവും ഫലിതോക്തി നിറഞ്ഞതുമായ സംഭാഷണങ്ങള്‍ ആരെയും വിസ്മയപ്പെടുത്തുന്നവയായിരുന്നു. വിവേകചൂഡാമണിയിലൊക്കെ പറയുന്ന മഹാപുരുഷ സംശ്രയം ഒന്നു രുചി നോക്കാനേ സമയം കിട്ടിയുള്ളൂ.

സന്യാസത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുവന്ന് കാലഘട്ടത്തിന്റെ അനിവാര്യമായ ആത്മീയ മുന്നേറ്റത്തിന് പ്രചോദനമായി വിശ്വാമിത്ര പാരമ്പര്യത്തില്‍ ചരിച്ച രാജര്‍ഷിയായി സ്വാമിജി സ്മരിക്കപ്പെടും.

സദ്ഗുരുഭ്യോം നമഃ

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക