ശ്രീ ശങ്കരന്‍ ലൗകിക ദൃഷ്ടാന്തങ്ങളിലൂടെ – 22

August 8, 2013 സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍
അവിദ്യ മാറിയാലുള്ള അവസ്ഥയാണ് ഈ ദൃഷ്ടാന്തത്തിലൂടെ ശ്രീ ശങ്കരന്‍ വ്യക്തമാക്കുന്നത്.

പങ്കാപായേ ജലം യഥാഭാതി
വിവേക ചൂഡാമണി. 204

ചേറില്ലാത്ത ജലം സുതാര്യമായി എപ്രകാരം ശോഭിക്കുന്നുവോ അതുപോലെ.

ആത്മാവ് എല്ലാ അദ്ധ്യാരോപങ്ങളില്‍നിന്നും സ്വതഃമുക്തനാണ്. ആത്മാവ് ശരീരമോ മനസ്സോ ബുദ്ധിയോ ഒന്നും തന്നെയല്ല. കര്‍ത്താവുമല്ല. ഭോക്താവുമല്ല. എന്നാല്‍ ഇതെല്ലാമാണെന്ന് ആരോപിക്കാറുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്ക് കാരണം അവിദ്യയാണ്. മുമുക്ഷു ആത്മചൈതന്യത്തെ അവിദ്യയില്‍നിന്നും തജ്ജന്യമായ അജ്ഞാനംകൊണ്ട് നാനാത്തായി ആരോപിച്ചതില്‍നിന്നുമെല്ലാം ഭിന്നമായി അറിഞ്ഞുകൊള്ളണം.

ആ അവസ്ഥയില്‍ എത്തിയ ഒരുവന്‍ പിന്നെ ആത്മഭിന്നമായി ഒന്നിനെയും കാണുകയില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ശുദ്ധമായ ചേതനയില്‍ ആരോപിക്കപ്പെടുന്ന അഴുക്കാണ് അവിദ്യയും അതുമൂലമുണ്ടാകുന്ന അനാത്മവ്യവഹാരവുമെല്ലാം.

അതുകൊണ്ട് അനാത്മാവായ അഴുക്കില്‍നിന്നും ആത്മാവിനെ വേര്‍തിരിച്ചറിയുന്നവന്‍ ആത്മതത്ത്വത്തെ പുണരും. ആത്മതത്ത്വത്തില്‍ അതിന്റേതല്ലാത്ത അവിദ്യയുടെ മറയാണ് അതിനെ യഥാതഥമായി ധരിക്കുന്നതില്‍ നിന്നും നമ്മേ പിന്‍തിരിപ്പിക്കുന്നതും അയുക്തവും അസത്യവും ആയതിനെ ധരിപ്പിക്കാന്‍ ഇടനല്‍കുന്നതും. ആത്മാവിന്റേതല്ലാത്ത അസത്യകല്മഷങ്ങള്‍ അതിനെ എങ്ങനെ മറയ്ക്കുന്നു, കല്മഷങ്ങള്‍ മാറിയാല്‍ ശുദ്ധമായതിനെ തിരിച്ചറിയാന്‍ എത്ര എളുപ്പമാണ് എന്നിവയാണ് കലങ്ങിയ വെള്ളത്തിന്റെ ഉദാഹരണത്തിലൂടെ ശ്രീശങ്കരന്‍ നമുക്ക് പറഞ്ഞുതരുന്നത്.

സുതാര്യത വെള്ളത്തിന്റെ സത്യമായ സ്വഭാവമാണ്. ചെളികൊണ്ടോ പായല്‍കൊണ്ടോ ജലം പങ്കിലമായാല്‍ അതിന്റെ നിജസ്വഭാവമായ സുതാര്യത നമുക്ക് ദര്‍ശിക്കാന്‍ പറ്റുകയില്ല. പങ്കിലമായ ജലത്തിന്റെ സുതാര്യത അതിനെ വലയം ചെയ്തിരിക്കുന്ന പങ്കപ്പാടുകള്‍ മറച്ചിരിക്കുകയാണ്. വാസ്തവത്തില്‍ ജലം പവിത്രമല്ലാത്തതിനാല്‍ നാം കാണുമ്പോഴും ആ പവിത്രത ഒരിടത്തും പോയിട്ടില്ല. അത് ആ ജലത്തില്‍ തന്നെയുണ്ട്. അഴുക്ക് അതിനെ മറച്ചിരിക്കുന്നു എന്നുമാത്രം.

എത്ര ആവര്‍ത്തിച്ചു നോക്കിയാലും ഈ പങ്കിലമായ ജലത്തില്‍ അതിന്റെ ശുഭ്രാവസ്ഥയെ ദര്‍ശിക്കാന്‍ സാദ്ധ്യമല്ല തന്നെ. പവിത്രമായ ജലത്തെ കാണാന്‍ ഒരു വഴിമാത്രമേ ഉള്ളൂ. ചെളിയും പായലും അതില്‍നിന്നും പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതാണ്. അതിനുള്ള ഒരേ ഒരു മാര്‍ഗ്ഗം. ഇപ്രകാരം കല്മഷങ്ങള്‍ നീക്കിയാല്‍ പവിത്രവും അച്ഛസ്ഫടിക രൂപത്തിലുള്ളതുമായ ജലം നമുക്കു കാണാന്‍ സാധിക്കും. ഇതുപോലെ തന്നെയാണ് ആത്മജ്ഞാനത്തിന്റെയും കാര്യം എന്നാണ് ശ്രീശങ്കരന്‍ പറയുന്നത്. ആത്മസാക്ഷാത്ക്കാരം ആഗ്രഹിക്കുന്നവര്‍ ആത്മവിവേകം ഉള്‍ക്കൊള്ളണം.

ഇതിന് അനാത്മാവായ അവിദ്യയേയും തജ്ജന്യങ്ങളായ പ്രതിഭാസങ്ങളെയും പൃഥ്ക്കരിച്ച് നിത്യ സംശുദ്ധമായ ആത്മാവിനെ മാത്രം അറിയണം. ഇത് ചേറ് കലങ്ങിയ ജലത്തിലെ ചേറാകുന്ന മറയെ മാറ്റി സംശുദ്ധമായ ജലത്തെ കാണുന്നതുപോലെയാണെന്നാണ് ശ്രീശങ്കരമതം. ഇവിടെ ചേറിനാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന ശുദ്ധമായ ജലം മായയാല്‍ ഉപപ്ലവിതമായ ആത്മാവിന്റെ പ്രതീകമാണ്.

ചെളിമറയെ മാറ്റാനുള്ള ജലശുദ്ധീകരണപരിശ്രമം ആത്മചൈതന്യത്തെ മറച്ചിരിക്കുന്ന മായയുടെ നിര്‍മ്മാര്‍ജ്ജനത്തിന്റെ ദ്യോതകവുമാണ്. ജലം ശുദ്ധമാക്കാന്‍ പലവഴികളുള്ളതുപോലെ ആത്മാവിനെ ആവരണം ചെയ്തിരിക്കുന്ന മറയെ മാറ്റാന്‍ പലവഴികളുണ്ടെന്നും അതു തികച്ചും ശ്രമം കൊണ്ട് സാദ്ധ്യമാണെന്നും കൂടി ഈ ഉദാഹരണത്തില്‍ ധ്വനിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം ഉദാഹരണങ്ങള്‍ മുമുക്ഷുവിന് ഒരു പ്രേരണയും ഉദ്ദിഷ്ടലാഭത്തിനുള്ള ഒരു ആശംസയും കൂടിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം