ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് പതിനൊന്ന് അടിയായാല്‍ ഷട്ടര്‍ തുറക്കും

August 7, 2013 കേരളം

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ഇനി പരമാവധി ജലസംഭരണശേഷി  11.5 അടിയാണ്. ഈവര്‍ഷം ഏറ്റവും കൂടുതല്‍ വെള്ളം എത്തിയത് ഇന്നലെയാണ്. 2,200.707 ദശലക്ഷം ഘനയടി വെള്ളമാണ് ഒഴുകിയെത്തിയത്. 24 മണിക്കൂര്‍കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് 3.30 അടി ഉയര്‍ന്ന് 2,391.5 അടിയിലെത്തി. 2,403 അടിയിലെത്തിയാല്‍ അണക്കെട്ട് തുറന്നുവിടും.

നീരൊഴുക്ക് വരുംദിവസങ്ങളിലും ശക്തമായി തുടര്‍ന്നാല്‍ അണക്കെട്ട് പരമാവധി സംഭരണശേഷിവരെ എത്തുന്നുന്നതിനുമുമ്പേ തുറന്നുവിട്ടേക്കും. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 86.78 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.

പദ്ധതിപ്രദേശത്ത് ഇന്നലെ 39.6 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. വൈദ്യുതോത്പാദനം മുന്‍ദിവസത്തേക്കാള്‍ ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. ഇന്നലെ 11.35 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. നിലവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80.80 അടി വെള്ളം അണക്കെട്ടില്‍ അധികമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം