റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം തുറന്നു

August 7, 2013 കേരളം

നെടുമ്പാശേരി: പെരിയാറിന്റെ കൈവഴിയില്‍നിന്നു റണ്‍വേയില്‍ വെള്ളം കയറിയതുമൂലം 36 മണിക്കൂര്‍ അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഫ്ളൈറ്റ് സര്‍വീസ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.20നു പുനരാരംഭിച്ചു. തിരുവനന്തപുരത്തുനിന്നു കൊച്ചിയില്‍ വന്നു കോഴിക്കോടു വഴി ബഹ്റൈന്‍-ദോഹയിലേക്കു പോകുന്ന എയര്‍-ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 473 ഫ്ളൈറ്റാണ് ആദ്യം വന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ 10.30നാണു വെള്ളപ്പൊക്കം മൂലം വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചത്.

സിയാലിലെ 250 ജീവനക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജോലി ചെയ്തതുകൊണ്ടാണു ചുരുങ്ങിയ സമയത്തിനകം വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്നു മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചു മിനിറ്റില്‍ 16,000 ലിറ്റര്‍ വെള്ളം പുറത്തേക്കു പമ്പ് ചെയ്ത് റണ്‍വേയിലെ വെള്ളം മുഴുവന്‍ വറ്റിച്ചു തിങ്കളാഴ്ച പാതിരാത്രിയോടെ ശുചീകരണം തുടങ്ങി. റണ്‍വേയില്‍ അടിഞ്ഞുകൂടിയ അഴുക്കു നീക്കാന്‍ സ്ത്രീകളുള്‍പ്പെടെ നൂറില്‍പ്പരം ജീവനക്കാര്‍ രാത്രി 12 മുതല്‍ ജോലി ആരംഭിച്ചിരുന്നു. റണ്‍വേയില്‍ പ്രധാനമായും ഷോള്‍ഡര്‍ ഭാഗത്താണു വെള്ളം കെട്ടിനിന്നത്. ഉയരം കൂടുതലുള്ളതുകൊണ്ടു മധ്യഭാഗത്തേക്കു വെള്ളം കയറിയിരുന്നില്ല. കൃത്യസമയത്തു പമ്പിംഗ് തുടങ്ങിയതിനാല്‍ ടെര്‍മിനലിനകത്തേക്കു വെള്ളം കയറിയില്ല.

റണ്‍വേ അടച്ചതുകൊണ്ട് 25 രാജ്യാന്തര ഫ്ളൈറ്റും 20 ആഭ്യന്തര ഫ്ളൈറ്റുമാണു മുടങ്ങിയതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു. ഈ സര്‍വീസുകളെല്ലാം ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പോകത്തക്ക രീതിയില്‍ പുതിയ ഷെഡ്യൂള്‍ തയാറാക്കി. കഴിവതും കൂടുതല്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാന്‍ വേണ്ടി വലിയ വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ കസ്റ്റംസ്-എമിഗ്രേഷന്‍ പരിശോധനകള്‍ എളുപ്പത്തിലാക്കും. എമിഗ്രേഷന്റെ എല്ലാ കൌണ്ടറുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് എസ്പി കെ. സേതുരാമന്‍ അറിയിച്ചു. അറൈവല്‍ ഭാഗത്തുള്ള രണ്ടു കവാടങ്ങളും യാത്രക്കാര്‍ക്കു തുറന്നുകൊടുക്കും. കസ്റംസ് വിഭാഗത്തിലും നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം