പാകിസ്ഥാന്‍റെ ആക്രമണം: പ്രതിരോധമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്ന് ബിജെപി

August 7, 2013 ദേശീയം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍റെ ആക്രമണം സംബന്ധിച്ച് സഭയില്‍ തെറ്റായവിവരം നല്‍കിയതിന് പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്‍റണി മാപ്പ് പറയണമെന്ന് ബിജെപി. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ഇത് സംബന്ധിച്ച് രാവിലെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. അഞ്ച് ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് പാക് സൈനികവേഷം ധരിച്ചവര്‍ ആണെന്ന് പറഞ്ഞതിനാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. പ്രതിരോധമന്ത്രി സംഭവത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി നേതാവ് സുഷമ സ്വാരാജാണ് എ കെ ആന്‍റണി മാപ്പ് പറയണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്. പ്രതിരോധ മന്ത്രാലയം പാക്കിസ്ഥാനാണ് ആക്രമണം നടത്തിയതെന്ന് പറയുന്നതായും സുഷമാ സ്വരാജ് പറഞ്ഞു.

ഇന്ത്യന്‍ സൈനീകോദ്യോഗസ്ഥര്‍ ആദ്യം ആരോപിച്ചത് പാക് സൈന്യമാണ് അക്രമം നടത്തിയതെന്നായിരുന്നു. എന്നാല്‍ പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്‍റണിയുടെ പ്രസ്താവനയോടെ ആദ്യ പ്രസ്താവന പിന്‍വലിക്കാന്‍ സൈന്യം നിര്‍ബന്ധിതരായി. പൂ‍ഞ്ച് സെക്ടറില്‍ പാക് സൈന്യം ഇന്നലെ നടത്തിയ ആക്രമത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഈ സംഭവം പാക്ക് സൈനീകവേഷം ധരിച്ചവരാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞതോടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞ് മാറാന്‍ പാക്കിസ്ഥാന് അവസരമൊരുക്കിയെന്നാണ് യശ്വന്ത് സിന്‍ഹയുടെ പ്രധാന ആരോപണം. പ്രതിരോധമന്ത്രിയുടെ പ്രസ്താവന അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാക് വാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം