മാതൃകാ രാജാവ്

August 10, 2013 സനാതനം

പയഴന്നൂര്‍ മഹാദേവന്‍
ദയാലുവും ന്യായശീലനുമായ രാജാവായിരുന്നു ലോമപാദന്‍. അദ്ദേഹത്തിന്റെ സദ്ഗുണങ്ങളില്‍ സന്തുഷ്ടരായിരുന്ന ദേവന്മാര്‍ പറഞ്ഞു – ‘രാജേവേ! അങ്ങയുടെ ന്യായശീലത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ പാരിതോഷികമായി ഈ വാള്‍ സ്വീകരിക്കൂ. ഈ വാള്‍ അങ്ങയെ വിശ്വവിജയിയാക്കും’. രാജാവു പറഞ്ഞു- ‘ ദേവന്മാരേ! വളരെ നന്ദി. പക്ഷെ ലോകവിജയിയാകാന്‍ എനിക്ക് ആഗ്രഹമില്ല. ഞാന്‍ യുദ്ധത്തെ വെറുക്കുന്നു. അതുകൊണ്ടു നിങ്ങള്‍ തന്ന ഈ വാള്‍ സ്വീകരിക്കാന്‍ കഴിയാത്തതില്‍ ക്ഷമിക്കണം.’

ഇതുകേട്ട് ദേവന്മാര്‍ – ‘എന്നാല്‍ ഈ നീലരത്‌നം അണിയൂ. ഇതിന്റെ പ്രഭാവത്താല്‍ അപാരമായ ധനം അങ്ങേയ്ക്കു ലഭിക്കും’.

‘നന്ദി.
അപാരമായ ധനം കൊണ്ടു ഞാന്‍ എന്തുചെയ്യും. പ്രജകളില്‍ നിന്ന് കരമായി ആവശ്യത്തിലധികം പണം കിട്ടുന്നുണ്ട്.’ രാജാവു പറഞ്ഞു. രാജാവിന്റെ മറുപടി കേട്ടു ദേവന്മാര്‍ ആശ്ചര്യപ്പെട്ടു.

അവര്‍ തുടര്‍ന്നു. ‘ലൗകീക സുഖങ്ങളിലൊന്നും അങ്ങേയ്ക്കു താല്പര്യമില്ലെന്നുതോന്നുന്നു. എങ്കില്‍ ഞങ്ങളുടെ കൂടെ സ്വര്‍ഗ്ഗത്തിലേക്കു വരൂ.’

രാജാവ് വിനീതനായി പറഞ്ഞു – ‘സ്വര്‍ഗ്ഗസുഖത്തില്‍ എനിക്കു താല്പര്യമില്ല. എന്തെന്നാല്‍ ഈ ഭൂമിമാതാവിനെ ഞാന്‍ സ്വര്‍ഗ്ഗത്തേക്കാള്‍ സ്‌നേഹിക്കുന്നു.’ ഇത്തരത്തിലൊരു മനുഷ്യനെ ദേവന്മാര്‍ ആദ്യമായി കാണുകയായിരുന്നു.

flowers-3-sliderഒടുവില്‍ അവര്‍ അല്പം വിത്ത് നീട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു- ‘ഈ വിത്തുവിതയ്ക്കൂ. സുഗന്ധവാഹികളായ പൂക്കള്‍ ഉണ്ടാകും. ശത്രുക്കളും മിത്രങ്ങളും ഒരുപോലെ സന്തോഷിക്കും’.

സംതൃപ്തനായ രാജാവിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. വിത്തുകള്‍ സന്തോഷപൂര്‍വം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. – ‘ ഇത് എന്റെ ഇഷ്ടവസ്തു തന്നെ. എന്തെന്നാല്‍ പ്രജകളുടെ സന്തോഷം എന്റെയും സന്തോഷമാണ്.’

‘ലോകാ സമസ്താ സുഖനോഭവന്തു’ എന്ന ആപ്തവാക്യം ജീവിതലക്ഷ്യമാക്കിയ ആ മാതൃകാരാജാവിനെ ദേവന്മാര്‍ അനുഗ്രഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം