വെബ്‌സൈറ്റിനു വിലങ്ങിട്ടിട്ടും വിക്കിലീക്‌സ്‌ സജീവമായി രംഗത്ത്‌

December 4, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലണ്ടന്‍: നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തി അമേരിക്കയെ വെള്ളം കുടിപ്പിച്ച വിക്കിലീക്‌സിന്റെ വെബ്‌സൈറ്റിലേക്ക്‌ (wikileaks.org) യുഎസ്‌ കമ്പനി പ്രവേശനം തടഞ്ഞതിനെ തുടര്‍ന്നു മണിക്കൂറുകള്‍ക്കകം വിക്കിലീക്‌സ്‌ പുതിയ വിലാസത്തില്‍ (wikileaks.chv) പുനരവതരിച്ചു. സൈറ്റിലേക്ക്‌ ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കള്‍ക്കു പ്രവേശനം നല്‍കി വന്ന കമ്പനിയായ എവരി ഡിഎന്‍എസ്‌ ഡോട്ട്‌ നെറ്റ്‌ എന്ന ഡൊമൈയ്‌ന്‍ നെയിം സിസ്‌റ്റം പ്രൊവൈഡര്‍ പിന്മാറിയെങ്കിലും പകരം സ്വീഡനിലെ ഒരു സ്‌ഥാപനം തങ്ങളുടെ സെര്‍വറിലൂടെ ഈ സേവനം നല്‍കുകയായിരുന്നു.
സൈറ്റ്‌ തകര്‍ക്കാന്‍ തുടര്‍ച്ചയായി നടക്കുന്ന ശ്രമം തങ്ങളുടെ സംവിധാനത്തെ കൂടി തകര്‍ക്കുമെന്ന കാരണം പറഞ്ഞാണു യുഎസ്‌ കമ്പനി പിന്മാറിയത്‌.അമേരിക്കയുടെ രണ്ടര ലക്ഷത്തോളം രേഖകള്‍ ചോര്‍ത്തിയതിനു പിന്നാലെ തന്നെ വിക്കിലീക്‌സിനെതിരെ ഹാക്കര്‍മാര്‍ ആക്രമണം തുടങ്ങിയിരുന്നു. ആക്രമണം ശക്‌തമായതോടെ ഈ ആഴ്‌ച മൂന്നു തവണ സൈറ്റിന്റെ പ്രവര്‍ത്തനം സ്‌തംഭിക്കുകയും ചെയ്‌തു.
അഞ്ചു ലക്ഷത്തോളം സൈറ്റുകള്‍ക്കു വെബ്‌ വിലാസം ലഭ്യമാക്കുന്ന എവരി ഡിഎന്‍എസ്‌ ഡോട്ട്‌ നെറ്റ്‌, വിക്കിലീക്‌സിനെ തങ്ങളുടെ സെര്‍വറുകളില്‍ നിന്ന്‌ ഒഴിവാക്കിയ ആമസോണ്‍ ഡോട്ട്‌ കോമിന്റെ പാത പിന്തുടരുകയായിരുന്നെന്നും ആക്ഷേപമുണ്ട്‌. യുഎസ്‌ ഭരണകൂടത്തിന്റെ എതിര്‍ നിലപാടുകളെത്തുടര്‍ന്നു സ്വീഡനിലെ സെര്‍വറുകളില്‍നിന്നൊഴികെ വിക്കിലീക്‌സ്‌ വിവരങ്ങള്‍ ഒഴിവാക്കാന്‍ ആമസോണ്‍ ഡോട്ട്‌ കോം ബുധനാഴ്‌ച തീരുമാനിച്ചിരുന്നു.
വ്യാഴാഴ്‌ചയായിരുന്നു എവരി ഡിഎന്‍എസ്‌ ഡോട്ട്‌ നെറ്റിന്റെ നടപടി. തുടര്‍ന്ന്‌ ഏതാനും മണിക്കൂറുകളോളം വെബ്‌സൈറ്റ്‌ ആര്‍ക്കും ലഭ്യമായില്ല. ജര്‍മനിയില്‍ പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുന്നോടിയായി നടന്ന സഖ്യ ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രിയുടെ പഴ്‌സനല്‍ അസിസ്‌റ്റന്റ്‌ ഹെല്‍മുട്ട്‌ മെറ്റ്‌സ്‌നര്‍ യുഎസിനു ചോര്‍ത്തിക്കൊടുത്തിരുന്നതായി വിക്കിലീക്‌സ്‌ വെളിപ്പെടുത്തി. തുടര്‍ന്നു സര്‍ക്കാര്‍ അയാളെ പുറത്താക്കി.ഇതേ സമയം, യുഎസ്‌ പട്ടാളത്തിനും ഇന്റലിജന്‍സിനും രഹസ്യ വിവരം നല്‍കുന്നവരുടെ പേരു പുറത്തു വിടുന്നതു കുറ്റകരമാക്കി യുഎസ്‌ നിയമ ഭേദഗതിക്ക്‌ ഒരുങ്ങുകയാണ്‌. ഇതു സംബന്ധിച്ച ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു.ഇതിനിടെ, വിക്കിലീക്‌സ്‌ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരെ പുതിയ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കാന്‍ സ്വീഡന്‍ തീരുമാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍