വീടിന് മുകളില്‍ വിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു

August 10, 2013 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീടിന് മുകളിലേക്ക് വിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. ഇരട്ട എന്‍ജിന്‍ ഘടിപ്പിച്ച ചെറുവിമാനമാണ് തകര്‍ന്നു വീണത്. കണക്ടിക്കട്ടിലെ ചാര്‍ട്ടര്‍ ഓക്ക് അവന്യൂവിലായിരുന്നു അപകടം. രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് തകര്‍ന്നുവീണ വിമാനത്തിന് അപകടത്തിന്റെ ആഘാതത്തില്‍ തീപിടിക്കുകയും ചെയ്തിരുന്നു. വിമാനം തകര്‍ന്നു വീണ ഒരു വീട്ടിലുണ്ടായിരുന്ന കുട്ടികളാണ് മരിച്ചത്. വീട്ടിലെ ടിവി മുറിയില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. ന്യൂ ജെഴ്സിയിലെ ടെറ്റെര്‍ബോറോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ട്വീഡ് ന്യൂ ഹാവന്‍ വിമാനത്താവളത്തിലായിരുന്നു ലാന്‍ഡ് ചെയ്യാനിരുന്നത്. അപകടമുണ്ടായ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഇത് അപകടകാരണമായോ എന്ന് പരിശോധിച്ചുവരികയാണ്. ആദ്യം വലിയ ശബ്ദം കേള്‍ക്കുകയും പിന്നീട് വിമാനം താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. താഴെ വീണ ശേഷം തീ ആളിപ്പടരുകയായിരുന്നു. പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ആരംഭിച്ചു. പുറത്തുനിന്ന പലരും ഓടിമാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപെടുകയായിരുന്നു. വിമാനത്തിന്റെ പൈലറ്റിനെ രക്ഷപെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം