ഇടുക്കി ഡാം തുറന്നുവിടേണ്ടെന്ന് ഡാംസുരക്ഷാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

August 10, 2013 പ്രധാന വാര്‍ത്തകള്‍

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാം തുറന്നു വിടേണ്ടി വരില്ലെന്ന് കെഎസ്ഇബിയുടെ ഡാം സുരക്ഷാ വിഭാഗം വ്യക്തമാക്കി. അണക്കെട്ടുകള്‍ പരിശോധിച്ച ശേഷമാണ് കെഎസ്ഇബി ഇതറിയിച്ചത്.

നിലവില്‍ 12 അടിയോളം ജലം സംഭരിക്കാവുനുള്ള ശേഷി ഇനിയും അണക്കെട്ടിനുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്ത സാഹചര്യത്തിലാണ് കെഎസ്ഇബി ഡാം സുരക്ഷ ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള സംഘം അണക്കെട്ട് സന്ദര്‍ശിച്ചത്. ഇന്നലെ വൈകുന്നേരത്തെ കണക്ക് അനുസരിച്ച് 2395.68 അടിയാണ് ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 91.52 ശതമാനമാണിത്.

നിലവിലെ സാഹചര്യത്തില്‍ ഡാമില്‍ നിന്നും വെള്ളം തുറന്നു വിടേണ്ടതില്ലെന്നാണ് കണക്ക് കൂട്ടലെന്ന് ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞ്ചിനിയര്‍ കെ. കറുപ്പന്‍കുട്ടി പറഞ്ഞു. മഴ ശക്തമായി ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായും കെഎസ്ഇബി അറിയിച്ചു.

മൂലമറ്റം പവര്‍ ഹൗസില്‍ നിലവില്‍ പരമാവധി ഉല്‍പ്പാദനമാണ് നടക്കുന്നത്. ഇതും ജലനിരപ്പ് പരിധി വിട്ട് ഉയരാത്തതിന് കാരണമായിട്ടുണ്ട്. കുളമാവ് അണക്കെട്ടിന് സമീപമുണ്ടായ മണ്ണിടിച്ചില്‍ ഡാമിന് സുരക്ഷാ ഭീഷണികള്‍ ഒന്നും ഉയര്‍ത്തുന്നില്ലെന്ന് സംഘം വ്യക്തമാക്കി. നിലവില്‍ ഇടുക്കി ഡാം തുറന്നു വിടേണ്ടെന്ന്തന്നെയാണ് കെഎസ്ഇബിയുടെയും തീരുമാനം. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുകിയെത്താത്തതും  വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും സാഹചര്യങ്ങള്‍ അനുകൂലമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍