കടല്‍ക്കൊല: നാവികരെ ഇന്ത്യയിലെത്തിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം ഇറ്റലി തള്ളി

August 10, 2013 ദേശീയം

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ നാലു ഇറ്റാലിയന്‍ നാവികരെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെത്തിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം ഇറ്റലി തള്ളി. നാവികരെ ചോദ്യം ചെയ്യുന്നതിനായി മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇറ്റലി മുന്നോട്ട് വെച്ചിട്ടുള്ളത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ റോമിലെത്തി ചോദ്യം ചെയ്യുകയോ, വീഡിയോ കോണ്‍ഫറന്‍സ്, ഇമെയില്‍ എന്നീ സാങ്കേതിക വിദ്യകളിലൂടെ ചോദ്യം ചെയ്യുകയോ ആവാം. എന്നാല്‍ ഇറ്റലിയുടെ ഈ നിര്‍ദ്ദേശങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി.

നാവികരെ ചോദ്യം ചെയ്യുന്നതിനുള്ള എന്‍ഐഎ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം ഇറ്റലി ചെവിക്കൊണ്ടിട്ടില്ല. സാക്ഷികളെ ചോദ്യം ചെയ്യുന്നതോടൊപ്പം തന്നെ കേസില്‍ പ്രതികളായ നാവികരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് നേരെ വെടി ഉതിര്‍ക്കാനുണ്ടായ സാഹചര്യമെന്താണെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണിത്. എന്‍ഐഎയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ഇറ്റലി നിരസിച്ച സാഹചര്യത്തില്‍ വിഷയം നയതന്ത്രതലത്തില്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തരമന്ത്രാലയം വിദേശ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.

നേരത്തെ ഇറ്റലി സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ചോദ്യം ചെയ്യലിനായി എപ്പോള്‍ വിളിപ്പിച്ചാലും നാവികരെ ഇന്ത്യയിലെത്തിക്കാമെന്ന് ഇറ്റലി കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം എന്റിക്ക ലെക്‌സി കപ്പലിലെ ജീവനക്കാര്‍ എല്ലാവരും തന്നെ അന്വേഷണത്തോടെ പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കപ്പല്‍ ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. എന്നാല്‍ അന്വേഷണം പൂര്‍ത്തീകരിക്കണമെങ്കില്‍ പ്രതികള്‍ എന്തിന് മത്സ്യ തൊഴിലാളികള്‍ക്ക് നേരെ വെടി വെച്ചു എന്ന് അറിയേണ്ടതുണ്ട്. അതോടൊപ്പം തന്നെ കേസില്‍ സാക്ഷികളുടെ മൊഴി നിര്‍ണ്ണായകമായതിനാല്‍ നാലു നാവികരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരെ ചോദ്യം ചെയ്യണമെന്നുള്ള എന്‍ഐഎയുടെ ആവശ്യമാണ് ഇപ്പോള്‍ ഇറ്റലി നിരാകരിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് മൊഴി നല്‍കാന്‍ ഇറ്റാലിയന്‍ നാവികര്‍ വിസമ്മതിച്ചതോടെയാണ് കേസ് അന്വേഷണം വഴി മുട്ടിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം