വരവില്‍ കവിഞ്ഞ സ്വത്ത്: മായാവതിക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

August 10, 2013 ദേശീയം

ന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മായാവതിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കിയ വിധി പുനഃപരിശോധിക്കാന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. താജ് ഇടനാഴിക്കായി പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ പുറപ്പെടുവിച്ച ഉത്തരവ് സിബിഐ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ആവര്‍ത്തിച്ചു. രണ്ടാമത്തെ എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. താജ് ഇടനാഴി കേസില്‍ വ്യക്തമായ അനുമതിയില്ലാതെ 17 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് മായാവതിക്കും അതിന്റെ ഗുണം ലഭിച്ച ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ അന്വേഷണം തുടരാനാണ് സിബിഐക്ക് 2003 ല്‍ അനുമതി നല്‍കിയത്. എന്നാല്‍, അതിന്റെ മറവില്‍ മായാവതിക്കെതിരെ 1995 മുതല്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സിബിഐ മറ്റൊരു എഫ്ഐആര്‍ കൂടി സമര്‍പ്പിച്ചു. ഇക്കാര്യം ചോദ്യംചെയ്ത് മായാവതി നല്‍കിയ ഹര്‍ജിയില്‍ എഫ്ഐആര്‍ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കേസിലെ കക്ഷിക്കാരനായ കമലേഷ് വര്‍മ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ചീഫ് ജസ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം