കാശ്മീരില്‍ വീണ്ടും പാക് സേനയുടെ ആക്രമണം

August 10, 2013 പ്രധാന വാര്‍ത്തകള്‍

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും പാക് സേന ആക്രമണം നടത്തി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയ വെടിവെയ്പ് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നു. പൂഞ്ച് സെക്ടറിലെ ദുര്‍ഗാ പോസ്റില്‍ നിയന്ത്രണ രേഖയിലേക്കായിരുന്നു പാക് സൈന്യം വെടിയുതിര്‍ത്തത്. പാക് സൈന്യമാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. ഇരുഭാഗത്തും ആളപായമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയ പാക് സൈന്യവും തീവ്രവാദികളും അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചിരുന്നു. ഈ സംഭവത്തില്‍ ഇന്ത്യ കര്‍ശനമായ താക്കീത് നല്‍കിയ ശേഷമാണ് വീണ്ടും വെടിവെയ്പ് ഉണ്ടായിരിക്കുന്നത്. ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി പാലിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാക് സേനയുടെ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയിലെ സൈനിക വിന്യാസം ഇന്ത്യ ശക്തമാക്കാന്‍ ആലോചിക്കവേയാണ് വീണ്ടും പ്രകോപനം ഉണ്ടായിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍