വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരുക്കേറ്റു

August 11, 2013 പ്രധാന വാര്‍ത്തകള്‍

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് അതിര്‍ത്തിയില്‍ വീണ്ടും പാക്സൈന്യം വെടിവെപ്പ് നടത്തി. ഇന്ത്യന്‍ സൈനികന് പരുക്കേറ്റു. കാശ്മീരിലെ കനാച്ചക് മേഖലയിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയത്.

പൂഞ്ച് സെക്ടറിലെ ദൂര്‍ഗാപോസ്റ്റിന് സമീപമാണ് പാക് പട്ടാളം ഇന്നലെ ആക്രമണം നടത്തിയത്. പുലര്‍ച്ചെ മൂന്നുമണിവരെ വെടിവെപ്പ് നീണ്ടുനിന്നു. അതിനു മുന്‍പ് പൂഞ്ചില്‍ നടന്ന പാക് ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷമാദ്യം പൂഞ്ചില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാക്ക് സൈന്യം തട്ടിക്കൊണ്ട് പോകുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ജൂണില്‍ പാക്ക് സൈന്യം ലംഘിക്കുകയായിരുന്നു.

പൂഞ്ചില്‍ ആക്രമണം നടത്തിയത് പാക് പട്ടാളവേഷധാരികളാണെന്ന പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന ഏറെ വിവാദമാകുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് പാക്കിസ്ഥാന്‍ ആണെന്ന് ഉന്നത സൈനികോദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അക്രമത്തിനു പിന്നില്‍ പാക് പട്ടാളവേഷധാരികളാണെന്ന് എ കെ ആന്റണി പറഞ്ഞത്. പ്രാഥമികമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണമെന്നും ആക്രമണത്തിനു പിന്നില്‍ പാക് സൈന്യം തന്നെയാണെന്നും ആന്റണി തിരുത്തി.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍