സോളാര്‍ കേസിന്റെ അന്വേഷണത്തെക്കുറിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി

August 11, 2013 പ്രധാന വാര്‍ത്തകള്‍

CMതിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഉമ്മന്‍ ചാണ്ടി പുതിയ നിലപാട് അറിയിച്ചു. സോളാര്‍ കേസിന്റെ അന്വേഷണത്തെക്കുറിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടതു പോലെ ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിക്കാന്‍ തയാറായില്ല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. ജനങ്ങളെ നേരിടാന്‍ കേന്ദ്രസേനയെ ഇറക്കിയെന്ന ആക്ഷേപം ശരിയല്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് സൈന്യത്തെ വിളിച്ചത്. സെക്രട്ടറിയേറ്റിന്റെ നാല് ഗെയിറ്റുകളും തടഞ്ഞ് ഭരണ സ്തംഭനം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അടക്കം ആരെയും അകത്ത് പ്രവേശിപ്പിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തില്‍ നിയമവാഴ്ച ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി, പിണറായി തുടങ്ങിയ നേതാക്കള്‍ സമരം സമാധാനപൂര്‍ണമായിരിക്കും എന്ന് പറഞ്ഞു. ഇതിനെ താന്‍ സ്വാഗതം ചെയ്യുകയാണ്. സമാധാനപരമാണ് സമരമെങ്കില്‍ ഒരു ഇടപെടലും പോലീസ് നടത്തില്ല. ജനാധിപത്യത്തില്‍ സമരം ചെയ്യാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറിയന്‍ കമ്പനിയുമായി ബന്ധപ്പെടുത്തി കോടിയേരി ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍ തയാറാണ്. സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒരു പൈസ പോലും നഷ്ടം സംഭവിച്ചിട്ടില്ല. സര്‍ക്കാര്‍ വഴിവിട്ട് ഒരു സഹായവും തട്ടിപ്പുകാര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഇത് തന്നെയാണ് തന്റെ ആദ്യം മുതലുള്ള നിലപാടെന്നും അദ്ദേഹം പറഞ്ഞു. 33 കേസുകളിലായി ഏഴ് കോടിയുടെ നഷ്ടമാണ് സോളാറില്‍ ഉണ്ടായിരിക്കുന്നത്. രണ്ടു കേസുകളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് കേസുകളില്‍ ഈയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍