എന്തിനാണ് ഈ യുദ്ധസന്നാഹം ?

August 11, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ജനാധിപത്യകേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്തവണ്ണം തലസ്ഥാനത്ത് പട്ടാളത്തിനെയും പോലീസിനെയും അണിനിരത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിപക്ഷമായ ഇടതുമുന്നണി സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ ഇറങ്ങി പുറപ്പെട്ടപ്പോഴാണ് അതു തടയാനായി ഉമ്മന്‍ചാണ്ടി ഫാസിസ്റ്റ് രീതിയിലുള്ള ഈ നടപടി സ്വീകരിച്ചത്. യൂഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെ തന്നെയോ പൂര്‍ണമായ പിന്തുണ ഈ നടപടിക്കില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. കെപിസിസി അദ്ധ്യക്ഷനോടുപോലും ഇക്കാര്യം ആലോചിച്ചോ എന്നതു സംശയമാണ്. അത് ഐ ഗ്രൂപ്പിന്റെ പ്രധാനികളിലൊരാളായ കെ.മൂരളീധരന്റെ വാക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്. പട്ടാളത്തെ വിളിച്ച കാര്യം പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. മുഖ്യമന്ത്രിപദം സംരക്ഷിക്കാന്‍ അദ്ദേഹം ഏതറ്റം വരെയും പോകും എന്നതിന്റെ സാക്ഷ്യപത്രമാണ് യുദ്ധസന്നാഹത്തിലൂടെ വെളിപ്പെടുന്നത്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. കേവലഭൂരിപക്ഷത്തില്‍ നിന്ന് ഏതാനും സീറ്റുകളുടെ ബലത്തിലാണ് അദ്ദേഹം ഭരണം നടത്തുന്നത്. ചാക്കിട്ടുപിടിത്തത്തിലൂടെ ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതിപക്ഷത്തിനു കഴിയും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി ആ സ്ഥാനത്ത് തുടര്‍ന്നു തന്റെ പ്രതിഛായയുടെ അവസാനത്തെ ബിന്ദുവില്‍വരെ കരിപുരളാന്‍ ഇടയാകട്ടെ എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഇത് ഉമ്മന്‍ചാണ്ടി മനസിലാക്കിയില്ല എന്നതാണ് ഏറ്റവും വലിയ ദുര്യോഗം.

സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതിന്റെ പേരില്‍ ദിവസങ്ങളോളം നിയമസഭാ നടപടികള്‍ തടസപ്പെട്ടു. ഒടുവില്‍ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിയേണ്ടി വന്നു. പിന്നീട് ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് രാപ്പകല്‍ സമരം നടത്തി. എന്നിട്ടും അനങ്ങാപ്പാറനയം ഉമ്മന്‍ചാണ്ടി തുടര്‍ന്നതോടെയാണ് സെക്രട്ടേറിയേറ്റ് ഉപരോധമെന്ന സമരമുറയിലേക്ക് ഇടതുമുന്നണി നീങ്ങിയത്. ഇതുനേരിടാനാണ് സര്‍ സിപിയുടെ കാലത്തെന്നപോലെ പട്ടാളത്തെയും പോലീസിനെയും അണിനിരത്തിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞുകൊണ്ട് അന്വേഷണം നേരിടാന്‍ തയാറാകാത്തത് എന്ന കാര്യത്തില്‍ ഓരോദിവസം കഴിയുന്തോറും കേരളീയര്‍ക്ക് കൂടുതല്‍ സംശയമുണ്ടാകുന്നു. ഇടതുസമരം നേരിടാന്‍ സ്വീകരിച്ച നടപടികളോടെ അത് കൂടുതല്‍ ബലപ്പെട്ടു. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടിയെക്കുറിച്ച് കേരളീയര്‍ക്ക് ചില ധാരണകളുണ്ടായിരുന്നു. സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. എന്നാല്‍ അതൊക്കെ ഒരു പളുങ്കുപാത്രം പോലെ കേരളീയസമൂഹത്തിനു മുന്നില്‍ വീണുടഞ്ഞുകിടക്കുന്ന കാഴ്ച സമകാലീന രാഷ്ട്രീയത്തിലെ ദുരന്തമാണ്.

വിവേകം വൈകിയാണുദിക്കുന്നതെങ്കിലും അത് അഭിനന്ദനാര്‍ഹം തന്നെ. ഇനിയും ഉമ്മന്‍ചാണ്ടിക്ക് തീരുമാനമെടുക്കാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി ബാക്കിയുണ്ട്. സ്വന്തം മനസാക്ഷിയുടെ ശബ്ദം ഇപ്പോഴെങ്കിലും കേള്‍ക്കാനായില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ രാഷ്ടീയജീവിതത്തിലെ കറുത്തപാടായി തന്നെ അവശേഷിക്കും. മറിച്ച് ഈ വൈകിയ വേളയിലെങ്കിലും മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞുകൊണ്ട് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായാല്‍ അത് വിവേകമുള്ള ഒരു ഭരണാധികാരിയുടെ തീരുമാനമായി മാറും. അതിലൂടെ ഒഴിവാക്കാന്‍ കഴിയുന്നത് ഒരുപക്ഷേ സമരമുഖങ്ങളില്‍ സംഭവിക്കാവുന്ന രക്തച്ചൊരിച്ചിലായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍