എല്‍ഡിഎഫ് ഉപരോധ സമരം ആരംഭിച്ചു: സെക്രട്ടേറിയറ്റില്‍ സുരക്ഷ ശക്തമാക്കി

August 12, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

uparodham-1തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചു. തിരുവനന്തപുരം നഗരം മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെക്കൊണ്ടു നിറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുന്നു. റോഡുകള്‍ പലതും പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായി. കാല്‍നടയാത്രക്കാരെ പോലും കടന്നുപോകാന്‍ അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്. അതേസമയം കന്റോണ്‍മെന്റ് ഗെയിറ്റ് വഴി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പലരും ഓഫീസില്‍ എത്തി. കന്റോണ്‍മെന്റ് ഗെയിറ്റില്‍ മാത്രം എത്തിച്ചേരാന്‍ ഇടതു പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ശക്തമായ പോലീസ് സുരക്ഷയാണ് ഈ റോഡിലും ഒരുക്കിയിരിക്കുന്നത്. ഉപരോധം തുടങ്ങുന്നതിനു മുന്‍പ് ആറു മണിയോടെ തന്നെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ എത്തി. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഗെയിറ്റ് വഴി സെക്രട്ടേറിയറ്റിലേക്ക് കടന്നത്. അതേസമയം ഉപരോധ സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൌഡയ്ക്ക് സുരക്ഷാ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ആരോപണമുണ്ട്. മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നല്‍കേണ്ട ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. അദ്ദേഹത്തിനു സഞ്ചരിക്കാനുള്ള വാഹനം അടക്കം നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ നഗരത്തിലേക്ക് കടക്കാതെ പലയിടങ്ങിലും ഇടതു പ്രവര്‍ത്തകരെ പോലീസ് തടയുന്നതായും വിവരം ലഭിച്ചു. ഈ പ്രവര്‍ത്തകര്‍ അതാതു സ്ഥലത്ത് കുത്തിയിരുന്ന് ഉപരോധ സമരം നടത്തുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം