ഉപരോധസമരം പിന്‍വലിക്കാമെന്ന് ഇടതുപക്ഷം ഉറപ്പുനല്‍കിയാല്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് യുഡിഎഫ്

August 13, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഉപരോധസമരം പിന്‍വലിക്കാമെന്ന് ഇടതുപക്ഷം ഉറപ്പുനല്‍കിയാല്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് യുഡിഎഫ്. ഏകപക്ഷീയമായി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കില്ലന്നും യുഡിഎഫ് വ്യക്തമാക്കി. ഇടതുപക്ഷം സഹകരിച്ചാല്‍ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാമെന്ന യുഡിഎഫ് വ്യക്തമാക്കി. സമരത്തോടു ഒരുതരത്തിലുമുള്ള മൃദുസമീപനം സ്വീകരിക്കേണ്ടെന്നാണ് യുഡിഎഫ് യോഗത്തില്‍ ഉണ്ടായിരിക്കുന്ന പൊതുവികാരം.

സോളാര്‍തട്ടിപ്പു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധസമരം ഒത്തുതീര്‍പ്പിലെത്താനുള്ള വഴിതെളിയുന്നതായി സൂചന. ഇന്ന് രാവിലെ ക്ളിഫ് ഹൌസില്‍ ചേര്‍ന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഘടകകക്ഷി നേതാക്കളുടെയും യോഗത്തിലാണ് സമരം ഒത്തുതീരാനുള്ള വഴിതുറന്നത്. അതേസമയം ഘടകകക്ഷി നേതാകേകളും മന്ത്രിമാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടിയും പ്രത്യേക ചര്‍ച്ച നടത്തുന്നുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി രാജിവെച്ചാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്‍മാറുകയൊള്ളൂവെന്ന് ഇടതുനേതാക്കള്‍ രാവിലെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ചിലവിട്ടു വീഴ്ചകള്‍ക്ക് ഇടതുപക്ഷം തയ്യാറായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം ഒരുകാരണവശാലും അനുവദിക്കില്ലന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇരുപക്ഷത്തിലും സ്വീകാര്യമായ രീതിയില്‍ സമരം ഒത്തുതീര്‍ക്കാനുള്ള ഫോര്‍മുലകളാണ് യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്, എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനുള്ള വഴികളും യുഡിഎഫ് തേടുന്നുണ്ട്. ഇതിനായി ഇരുപക്ഷത്തിനും സ്വീകാര്യനായ ചിലരെ മധ്യസ്ഥരായി നിയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം എല്‍ഡിഎഫ് നിഷേധിച്ചു. മുഖ്യമന്ത്രി മാറിനില്‍ക്കാതെ ചര്‍ച്ചയില്ലന്നാണ് എല്‍ഡിഎഫിന്റെ പൊതുവെയുള്ള നിലപാട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം