ഭാരതം ശക്തിതെളിയിക്കണം

August 13, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

editorial-pbഭാരത വിഭജനം ഒഴിവാക്കപ്പെടാമായിരുന്ന ദുരന്തമാണ്. അതിന്റെ പരിണിതഫലമാണ് ഇന്ന് കാശ്മീരിലും ഇന്റോപാക് അതിര്‍ത്തിയിലും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാനുമായി ഭാരതം രണ്ടു യുദ്ധങ്ങള്‍ നടത്തി. രണ്ടാമത്തെ യുദ്ധത്തിലാണ് പൂര്‍വ്വപാക്കിസ്ഥാന്‍ ബംഗ്ലാദേശായിമാറിയത്. അതോടെ ആ ഭാഗത്തുനിന്ന് നമുക്ക് കാര്യമായ വെല്ലുവിളിയില്ല എന്നുതന്നെപറയാം. എന്നാല്‍ പാക്കിസ്ഥാന്‍ എന്ന രാജ്യം അതിന്റെ സര്‍വ്വ അണുവിലും ഭാരത വിരുദ്ധവികാരം നിറച്ച് മാതൃരാജ്യത്തോടു കടുത്ത ശത്രുവിനോടെന്നപോലെയാണ് പെരുമാറുന്നത്. ആ രാജ്യത്തിന്റെ നിലനില്പ്പിന് ഒരുപക്ഷേ ഭാരത വിരുദ്ധവികാരം സഹായിച്ചേക്കാം. എന്നാല്‍ അവിടെയുള്ള ജനങ്ങളില്‍ ഭൂരിപക്ഷവും അങ്ങനെയല്ല. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ബന്ധുക്കള്‍ ഇന്ന് ഭാരതത്തിലുണ്ട്. അത്തരമൊരു ബന്ധം നിലനില്‍ക്കുമ്പോഴാണ് ഭാരതവിരുദ്ധവികാരം കാലാകാലങ്ങളില്‍വരുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ ഉള്ളില്‍ കുത്തിനിറയ്ക്കുന്നത്.

ഭാരതത്തോടൊപ്പം സ്വതന്ത്രമായ പാക്കിസ്ഥാനില്‍ ഏറിയകാലവും പട്ടാളഭരണമായിരുന്നു. ഏകാധിപത്യത്തിന്റെ രുചി അറിഞ്ഞ പട്ടാളം ജനാധിപത്യ പ്രക്രിയയെ എന്നും അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനൊക്കെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ഐ.എസ്.ഐ ആണെന്നകാര്യം രഹസ്യമല്ല. ജനാധിപത്യത്തിന്റെ സ്വാദ് ജനങ്ങളറിഞ്ഞാല്‍ തങ്ങളുടെ അമിതാധികാരത്തിന് ക്ഷതം ഏല്‍ക്കുമെന്ന് അറിവുള്ള ഐ.എസ്.യും പട്ടാളനേതൃത്വവും ഇന്ത്യാവിരുദ്ധവികാരത്തെ എന്നും വളര്‍ത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്.

വിദ്ധ്വംസക പ്രവര്‍ത്തനത്തിലൂടെ ഭാരതത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ഭീകരര്‍ക്ക്  പരിശീലനം നല്‍കി അതിര്‍ത്തി കടത്തി വിട്ടുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പാക് ഭരണകൂടം നടപടികള്‍ തുടങ്ങിയത്. പാക് അധീനകാശ്മീരില്‍ ഇതിനുവേണ്ടി പരിശീലനകേന്ദ്രങ്ങളും സംഘടിപ്പിച്ചിരുന്നു. ദുര്‍ഘടമായ അതിര്‍ത്തിയിലൂടെ ഒരുകാലത്ത് നൂറുകണക്കിന് ഭീകരരാണ് പാക്‌സൈന്യത്തിന്റെ ഒത്താശയോടെ ഭാരതത്തിലേക്ക് കടന്നത്. ഇതിന് പലതന്ത്രങ്ങളും പാക്കിസ്ഥാന്‍ പയറ്റിയിരുന്നു. ഇരുളിന്റെ മറവില്‍ ഏകപക്ഷിയമായി വെടിയുതിര്‍ത്ത് നമ്മുടെ സൈനികരുടെയും അതിര്‍ത്തി രക്ഷാസൈനികരുടെയും ശ്രദ്ധതിരിച്ച് ആ വിടവിലൂടെ ഭീകരര്‍ക്ക് കടന്നുപോകാന്‍ മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. ഇതുതിരിച്ചറിഞ്ഞ ഭാരതം അതിര്‍ത്തിപോസ്റ്റുകളിലെ കാവലും പെട്രോളിംഗും ശക്തമാക്കിയതോടെ ഭീകരരെ തടയാനായി. ഇതൊക്കെ അവഗണിച്ചുവരുന്ന ഭീകരര്‍ സൈന്യത്തിന്റെ വെടിയേറ്റുവീഴുകയും ചെയ്തു. ഭീകരരുടെ നുഴഞ്ഞുകയറ്റം കുറഞ്ഞതോടെ കാശ്മീരില്‍ മാത്രമല്ല ഭാരതത്തിന്റെ മറ്റു സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ കുറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തിലൂടെ ഭാരതത്തിന്റെ കനത്ത പ്രഹരം ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ മര്യാദപഠിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ അതില്‍ നിന്ന് പാഠം പഠിച്ചില്ല എന്നുവേണം അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അതിര്‍ത്തിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന ഒരു സൈനിക ഓഫീസറെ തട്ടിക്കൊണ്ടുപോയി നിഷ്ഠൂരമായി കൊലപ്പെടുത്തിയിരുന്നു. പാക്‌സൈന്യത്തിന്റെ അറിവോടെതന്നെയാണ് ഭീകരര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഏറെനാളുകള്‍ക്കുശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് പാക്‌സേനയുടെ നേതൃത്വത്തില്‍ ഇരുപതംഗ ആയുധധാരികള്‍ അതിര്‍ത്തി ലംഘിച്ചെത്തി അഞ്ച് ഇന്ത്യന്‍ സൈനികരെ അതിക്രൂരമായി കൊലപ്പെടുത്തി. പരിക്കേറ്റ ഒരുസൈനികന്‍ പിന്നീട് മരിച്ചു.

ഈ നടപടിയെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയി. പാക് സൈന്യത്തിന്റെ യൂണിഫോം ധരിച്ചുവന്ന അക്രമികളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പാര്‍ലമെന്റെ പ്രതിരോധമന്ത്രി എ.കെ.ആന്റണി വെളിപ്പെത്തിയത്. ഇതിനെതിരെ പ്രധാന പ്രതിപക്ഷകക്ഷിയായ ബി.ജെ.പിയും മറ്റു കക്ഷികളും ശക്തിമായി പ്രതിക്ഷേധിച്ചതോടെ പ്രതിരോധമന്ത്രിക്ക് ഈ പ്രസ്താവന തിരുത്തേണ്ടിവന്നു. മാത്രമല്ല ശക്തമായ നടപടി ഇക്കാര്യത്തില്‍ ഭാരതം സ്വീകരിക്കുമെനന് മുന്നറിയിപ്പുനല്‍കുകയും ചെയ്തു. പാര്‍ലമെന്റില്‍ തന്നെയാണ് രണ്ടാമത്തെ പ്രസ്താവനയും ആന്റണി നടത്തിയത്. ഇതുകഴിഞ്ഞയുടന്‍തന്നെ പാക് പ്രധാനമന്ത്രി നവാസ്‌ഷെരീഫ് സൈനിക കമാന്‍ഡര്‍മാരുടെ യോഗം അടിന്തിരമായി വിളിച്ചുകൂട്ടിയെന്നതുതന്നെ ഭാരതത്തിന്റെ ശക്തമായ നിലപാടിനെ എത്രഭയപ്പെടുന്നു എന്നതിനു തെളിവാണ്. എന്നാല്‍ പിന്നീട് ഒന്നും ഉണ്ടായില്ല. അതിനെത്തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിനു രാത്രി വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ സേനാതാവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തി. മോട്ടോര്‍ഷെല്ലുകളും മറ്റു വെടിക്കോപ്പുകളും ഉപയോഗിച്ച് ഏഴായിരത്തോളം വെടി ഉതിര്‍ത്തു എന്നാണ് സൈനികകേന്ദ്രങ്ങള്‍ കണക്കാക്കിയത്. ഈ ആക്രമണത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഈ സംഭവത്തിനു പിന്നാലെ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനത്തിനു കാത്തുനില്ക്കാതെ, അതിശക്തമായി തിരിച്ചടിക്കാന്‍ കരസേന മേധാവി നിര്‍ദ്ദേശം നല്‍കി. പിന്നീട് ഇന്നുരാവിലെ വീണ്ടും പാക്കിസ്ഥാന്‍ ഏകപക്ഷീയമായി വെടിവയ്പ്പ് ആരംഭിച്ചിരിക്കുകയാണ്. അത് തുടരുന്നുവെന്നാണ് അതിര്‍ത്തിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

എത്രകാലം നമ്മള്‍ പാക്കിസ്ഥാന്റെ ഈ നെറികെട്ട നടപടി സഹിക്കണം. സമാധാനം ഭീരുത്വത്തിന്റെ ലക്ഷണമായി ഒരുപക്ഷേ പാക്കിസ്ഥാന്‍ കാണുന്നുണ്ടാകണം. അത് അങ്ങനെയല്ല എന്നുതെളിയിക്കാന്‍ ഭാരതത്തിനു ബാദ്ധ്യതയുണ്ട്. സൈനികമായി ഭാരതം പാകിസ്ഥാന്റെ എത്രയോ മുന്നിലാണ്. എന്നിട്ടും നാം ആത്മസംയമനത്തിന്റെ പാതയാണ് സ്വീകരിക്കുന്നത്. അത് ദൗര്‍ബല്യമായി കരുതുന്ന ഒരു രാഷ്ട്രത്തിന്റെ മുന്നില്‍ നാം നമ്മുടെ ശക്തി തെളിയിക്കുകതന്നെവേണം. അല്ലെങ്കില്‍ അതിദുര്‍ഗ്ഗമമായ പ്രദേശങ്ങളില്‍ കൊടുംതണുപ്പും മറ്റും സഹിച്ച് അതിര്‍ത്തികാക്കുന്ന ജവാന്മാരുടെ വിലപ്പെട്ട ജീവന്‍ നാം അറിഞ്ഞുകൊണ്ട് ബലികൊടുക്കുകയായിരിക്കും. ഭരണകര്‍ത്താക്കള്‍ ഇനിയെങ്കിലും ഒരു പുന:ശ്ചിന്തനത്തിന് തയ്യാറാകണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍