നദീതീര സംരക്ഷണം- ജില്ലകള്‍ക്ക് 46.50 കോടി

August 13, 2013 കേരളം

തിരുവനന്തപുരം: കേരളത്തിലെ നദികളുടെ തീരസംരക്ഷണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒന്‍പത് ജില്ലകള്‍ക്കായി 46.50 കോടി രൂപ അനുവദിച്ചതായി റവന്യൂ  മന്ത്രി അടൂര്‍ പ്രകാശ്. നദികളുടെ വശങ്ങളിലെ ഭിത്തികള്‍ ബലപ്പെടുത്തിയും ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയവ നിര്‍മ്മിച്ചും നദികളുടെ ശോഷണവും കയ്യേറ്റവും തടയുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളത്.

കാലവര്‍ഷത്തിന്റെ ആധിക്യവും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും നദീതീര ഭിത്തികളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ജില്ലാ വിദഗ്ദ്ധസമിതികളുടെ ശുപാര്‍ശകള്‍ കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാനഉന്നതതല സമിതി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി തുക അനുവദിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിനുള്ള ചെക്ക് ഡാമുകള്‍ക്കും പണം അനുവദിച്ചിട്ടുണ്ട്. നദീതീരങ്ങളിലെ കടവുകളും, ജെട്ടികളും കാലപ്പഴക്കത്താല്‍ ബലഹീനമായിട്ടുണ്ട്. ഇവ ബലപ്പെടുത്തേണ്ടതും അനിവാര്യമായി മാറിയതായി മന്ത്രി പറഞ്ഞു. കൊല്ലം – 711.06, പത്തനംതിട്ട – 374, എറണാകുളം – 1343.50, തൃശ്ശൂര്‍ – 551.19, പാലക്കാട് – 794.55, മലപ്പുറം – 387.80, കോഴിക്കോട് – 80, വയനാട് – 14.67, കണ്ണൂര്‍ – 393.50 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.

ഇപ്രാവശ്യത്തെ കാലവര്‍ഷത്തെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായികൂടിയാണ് നദീതീരങ്ങള്‍ സംരക്ഷിക്കുന്നതിനും ബലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുള്ളത്. അതിനാല്‍ നിശ്ചിത ആവശ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുക ഫലപ്രദമായി യഥാസമയം ഉപയോഗപ്പെടുത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം