സ്വാതന്ത്ര്യത്തിന്റെ അറുപത്തിയാറാം വാര്‍ഷികത്തിലും ഇന്ത്യയില്‍ സാമൂഹ്യ അസന്തുലിതാവസ്ഥ വ്യാപകം

August 13, 2013 ലേഖനങ്ങള്‍

കുന്നുകുഴി എസ്. മണി

ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ട് ആറുപതിറ്റാണ്ടിലേറെ കടക്കുന്നു. ഈ പതിറ്റാണ്ടുകളില്‍ ജനാധിപത്യ ഭരണ സംവിധാനത്തിലൂടെ കൈവരിച്ച വികസനനേട്ടങ്ങള്‍ ഏറെയാണ്. അതുപോലെ കോട്ടങ്ങളും. സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ സംഭവിച്ച മാറ്റങ്ങളും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം സാമൂഹ്യമാറ്റങ്ങളില്‍ കാതലായ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇന്നും സാമൂഹ്യ അസന്തുലിതാവസ്ഥ കൊടികുത്തിവാഴുന്നുണ്ട്. ഒരുകാലത്ത് കേരളത്തിലെ സാമൂഹ്യതലത്തില്‍ നിലനിന്നിരുന്ന അസന്തുലിതാവസ്ഥ തന്നെ തമിഴ്‌നാട്ടിലും നിലനില്ക്കുന്നു. ജാതീയ ഉച്ചനീചത്വങ്ങളാണ് തമിഴ്‌നാട്ടില്‍ കുഗ്രാമങ്ങളെ അടക്കി ഭരിക്കുന്നത്. ഒരു കാലത്ത് കേരളക്കരയില്‍ അരങ്ങുതകര്‍ത്താടിയ തീണ്ടലും തൊടീലും അടിമ വ്യവസ്ഥിതിയും ചായക്കടകള്‍ക്ക് പിന്നിലെ കാലിത്തൊഴുത്തില്‍ ഗ്ലാസ്സില്‍ ചായ കൊടുക്കാതെ മറ്റെന്തെങ്കിലും പാത്രത്തില്‍ ചായ കൊടുക്കുന്ന ഏര്‍പ്പാടും നിലനില്ക്കുന്നു. കാലമേറെ പുരോഗമിച്ചിട്ടും ഇന്നും സാമൂഹ്യ അസന്തുലിതാവസ്ഥ നിലനില്ക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ യശസ്സിന് കളങ്കമാണ്.

നാമെത്ര ഉയരങ്ങള്‍ താണ്ടിയെന്ന് അഭിമാനിക്കുമ്പോഴും സാമൂഹ്യ അസമത്വങ്ങള്‍ പിന്തുടരുന്നത് നന്നല്ല. കേവലം ഒരാചാരക്രമത്തിന്റെ പേരിലായാലും മനുഷ്യനെ പരസ്പരം അസമത്വങ്ങളുടെ വേലിക്കെട്ടുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കുന്ന അവസ്ഥ മനുഷ്യത്വപരമല്ല. മറിച്ച് ഓരോ ഇന്ത്യാക്കാരനും നാണക്കേടും മാനക്കേടുമാണ്. അതുപോലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍പ്പെട്ട ബീഹാറിലും ഇത്തരം അസന്തുലിതാവസ്ഥകള്‍ സാമൂഹങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്.

ഇന്ത്യ ഭരിക്കാനെത്തുന്ന ഭരണാധികാരികള്‍ ഈ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ഈ അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും വേണം. നിയമം മുഖേന അയിത്തവും അനാചാരങ്ങളും നിരോധിച്ചിട്ടുണ്ടെങ്കില്‍ പോലും ഒരു അയിത്ത ജാതിക്കാരനും ഒരു സവര്‍ണ പെണ്‍കുട്ടിയും പ്രേമിച്ചു വിവാഹം കഴിച്ചാല്‍ അത് അംഗീകരിക്കുന്നതിനു പകരം അയിത്തജാതിക്കാരനായ പുരുഷനെ പരസ്യമായി അടിച്ചുകൊല്ലുന്ന പാരമ്പര്യം ഇന്ത്യ സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇന്നും അനുവര്‍ത്തിക്കുന്നത് ഇന്ത്യക്കാരന്റെ മാനസിക വളര്‍ച്ചയുടെ അപക്വതയാണ്. ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം വളര്‍ച്ച പ്രാപിച്ചപ്പോഴും മാനസിക വളര്‍ച്ചയില്‍ ഇന്നും നാം ശിലായുഗ കാലത്താണ്. ആ ചിന്തകള്‍ മാറണം. അല്ലെങ്കില്‍ മാറ്റണം. അവര്‍ണ്ണനും സവര്‍ണ്ണനും മനുഷ്യനാണെന്ന ചിന്തയുണ്ടാകണം. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്ന നാം നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാത്തരം ദുഷിച്ചുനാറിയ ചിന്തകളെയും പിഴുതെടുത്തെറിയണം. അങ്ങിനെ സാമൂഹ്യ അസമത്വങ്ങള്‍ എന്നന്നേയ്ക്കുമായി തൂത്തെറിയാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.

കാലത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം മനുഷ്യനും വളരണം ദുഷ്ചിന്തകള്‍ക്കും ദുഷ്പ്രവര്‍ത്തികള്‍ക്കും വിരാമമിടണം. ഇന്ത്യയിലെ ഒരു മനുഷ്യനും സാമൂഹ്യ അസന്തുലിതാവസ്ഥ അനുഭവിക്കാന്‍ പാടില്ല. അതായിരിക്കണം ഓരോ ഇന്ത്യന്‍ പൗരന്റെയും മുദ്രാവാക്യം. ഇന്ത്യയില്‍ അവരെക്കാള്‍ പതിന്മടങ്ങ് സാധാരണക്കാരാണ് ജീവിക്കുന്നത്. ഓരോ വര്‍ഷവും ഇവരില്‍നിന്നും വിദ്യാസമ്പന്നര്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. പക്ഷെ അതിനനുസരിച്ചുള്ള തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇന്ത്യയിന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയാണ്. തൊഴിലില്ലാതെ തെണ്ടിത്തിരിയുന്ന അഭ്യസ്തവിദ്യര്‍ ജീവന്‍ നിലനിറുത്താന്‍ വേണ്ടി എന്തു തൊഴിലുചെയ്യാനും തയ്യാറാകുന്നു. ചിലര്‍ മോഷണം, പിടിച്ചുപറി തുടങ്ങിയ മേഖലകളില്‍ കടക്കുന്നു. മറ്റുചിലര്‍ പറ്റിപ്പും തട്ടിപ്പുമായി മാറുന്നു. ഇതൊക്കെ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയില്‍ സംഭവിക്കുന്നതാണ്. ഇതിന് ഉത്തരവാദികള്‍ നമ്മെ ഭരിക്കുന്ന ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണ്. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ഉതകുന്ന വ്യവസായശാലകളില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്ല. ഉള്ളവയില്‍ തന്നെ ജീവനക്കാരെ എങ്ങിനെ കുറയ്ക്കാമെന്ന ഗവേഷണത്തിലാണ്. ഇപ്പോള്‍ കമ്പ്യൂട്ടര്‍ പഠനം ഐ.ടി മേഖലകളില്‍ വന്‍ ജോലിസാധ്യതയുണ്ടെങ്കിലും  സ്വകാര്യ മേഖലകള്‍ കൈയ്യടക്കിയതു കാരണം അവിടെയും തൊഴില്‍ സാധ്യത കുറവാണ്. ശമ്പള വ്യവസ്ഥയിലും  മാന്യതയില്ല. അതും മങ്ങുകയാണ്. അതേസമയം  കൃഷി മേഖലയില്‍ കൃഷി ചെയ്യാന്‍ അറിവു നേടിയവര്‍ ഇല്ലായെന്നതാണ്. സര്‍ക്കാര്‍ വര്‍ഷാവര്‍ഷം കൃഷി ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കാതെ കൃഷിചെയ്യാന്‍ പ്രാപ്തിയുള്ളവരെ വാര്‍ത്തെടുക്കുന്ന സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങുന്നതാണ് നല്ലത്. കൃഷി ശാസ്ത്രജ്ഞന്മാര്‍ക്ക് കൊള്ള ശമ്പളം കൊടുക്കാമെന്നല്ലാതെ കൃഷികൊണ്ട് ജനങ്ങള്‍ക്ക് വിശപ്പുമാറ്റാന്‍ കഴിയുന്നില്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ഇക്കാര്യത്തെക്കുറിച്ച് ഭരണകൂടം ശക്തമായി ചിന്തിക്കണമെന്നാണ് പറയാനുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ലേഖനങ്ങള്‍