പാക് സേന വെടിവെപ്പ് തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇന്ത്യന്‍ മുന്നറിയിപ്പ്

August 14, 2013 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ വധിച്ചതില്‍ നടപടിയെടുക്കാതെ പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തിയില്‍ വെടിവെപ്പ് തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും ഇന്ത്യ പാകിസ്താന് നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. രാംഗഡ് മേഖലയിലാണ് ഇന്നും വെടിവെപ്പുണ്ടായിരുന്നു. നാല് ദിവസത്തിനുള്ളില്‍ എട്ടാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഉപസ്ഥാനപതിയെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തിയിരുന്നു.

അഞ്ച് ഇന്ത്യന്‍ സൈനികരുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൂടുതല്‍ സങ്കീര്‍ണമാകുന്നത്. രാംഗഡ് മേഖലയിലെ നാരായണ്‍പൂരിലെ ബിഎസ്എഫ് പോസ്റ്റിനു നേരെയാണ് ഇന്ന് വെടിവെപ്പ് ഉണ്ടായത്. രൂക്ഷമായ വെടിവെപ്പ് 15 മിനിട്ടോളം നീണ്ടുനിന്നു. ഇന്നലെ രാത്രി പൂഞ്ച് മേഖലയിലെ ഹമീര്‍പുര്‍ പോസ്റ്റിനു നേരെയും പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു.

അതേസമയം അതിര്‍ത്തിയിലെ അക്രമങ്ങളില്‍ പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെടും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ഈ ആഴ്ച പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വ്യാപാരത്തിനുള്ള അനുകൂല രാജ്യങ്ങളുടെ പദവി ഇന്ത്യക്ക് ഉടന്‍ നല്‍കില്ലെന്ന് പാക് ധനകാര്യമന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വന്നതിനു ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് പാക്കിസ്ഥാന്‍ നിലപാട്.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം