ഗര്‍ഗ്ഗഭാഗവതസുധ – കേശിവധം

August 14, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

32. കേശിവധം
ശ്രീകൃഷ്ണപ്രഭാവം വിളിച്ചോതുന്ന മറ്റൊരു കഥയാണ് കേശിവധം! ഇക്കഥ വ്യാസഭാഗവതത്തിലും കാണാം. മറ്റുകഥകളിലെന്നപോലെ ഇതിലും ഗര്‍ഗ്ഗമുനി വിശദീകരണ സ്വഭാവമാണ് പുലര്‍ത്തിയിരിക്കുന്നത്. ഭക്തിയുടെ നിറവാര്‍ന്ന വിധാനം തന്നെയാണിതിലും. ഭഗവാനും കൂട്ടരും പശുക്കളെ മേച്ചു നടക്കുന്നകാലം. ഒരു ദിവസം കേശി എന്ന അസുരന്‍ ഒരു കുതിരയുടെ രൂപം ധരിച്ച് ഗര്‍ജ്ജിച്ചു കൊണ്ടു വൃന്ദാവനത്തില്‍ ചുറ്റിനടന്നു. പശുക്കളുടേയും കുട്ടികളുടേയും ഇടയ്ക്കുകയറിക്കൂടി. അവയേയും ഗോപാലബാലകന്മാരേയും ഉപദ്രവിച്ചു. അതിന്റെ ചവിട്ടുകൊണ്ട് കുട്ടികള്‍ ഭയാതുരരായി. വൃക്ഷങ്ങള്‍ കടപുഴകി വീണു. വാലിന്റെ അടിയേറ്റ് മേഘങ്ങള്‍ പോലും നുറുങ്ങി. കഷണങ്ങളായി.

‘തം വീക്ഷ്യ ദുഃസഹ ജവം
ഗോപ ഗോപീ ഗണംഃ ഭൃശം
ഭയാതുരഃ മൈഥിലേന്ദ്ര!
ശ്രീകൃഷ്ണം ശരണം യയുഃ
(അതിനെക്കണ്ട് അധികം ഭയാതുരരായ ഗോപീഗോപന്മാര ശ്രീകൃഷ്ണനെ ശരണം പ്രാപിച്ചു.) അപ്പോള്‍ ശ്രീകൃഷ്ണന്‍:

‘മാ ഭൈഷ്‌ട്യേത്യഭയം ദത്വാ
ഭഗവാന്‍ വ്യജിനാര്‍ദനഃ
കടൗ പീതാംബരം ബദ്ധ്വാ
ഹന്തും ദൈത്യം പ്രചക്രമേ’
(ശ്രീകൃഷ്ണഭഗവാന്‍, ഭയപ്പെടരുതെന്നു പറഞ്ഞ് ഗോപീഗോപന്മാരേ ആശ്വസിപ്പിച്ചു. എന്നിട്ട, പീതാംബരം അരയില്‍ മുറുക്കിക്കെട്ടിക്കൊണ്ട് അസുരനെ കൊല്ലാനൊരുങ്ങി.) കേശിയാകട്ടെ ദിക്കുകള്‍ വിറപ്പിക്കുമാറ് ഗര്‍ജിച്ച് ഭഗവാനെ പിന്‍കാലുകൊണ്ടു തൊഴിച്ചു. ശ്രീകൃഷ്ണന്‍ അശ്വരൂപം ധരിച്ച അസുരന്റെ കാലുകള്‍കൂട്ടിപ്പിടിച്ച് ആകാശത്തില്‍ ചുഴറ്റി. എന്നിട്ട്, അസുരനെ ഒരുയോജന ദൂരേക്കുവലിച്ചെറിഞ്ഞു. കുപിതനായ കേശി ക്രൂദ്ധനായെഴുന്നേറ്റു. എന്നിട്ടവന്‍ തന്റെ വാലുകൊണ്ട് ശ്രീകൃഷ്മനെ അടിച്ചു. ഭഗവാന്‍, അവന്റെ വാലില്‍ പിടിച്ചു. ചുഴറ്റി നൂറുയോജന ദൂരത്തേക്കു വലിച്ചെറിഞ്ഞു.

കേശി കുറഞ്ഞൊന്നു വലഞ്ഞു. വേദനിച്ചു. അവന്‍ എഴുന്നേറ്റ് ഉച്ചത്തില്‍ അലറാന്‍ തുടങ്ങി. സടകുടഞ്ഞ് ഭൂമിയെ ഭൂമിയെ പിളര്‍ക്കുംവിധം കാലുകളാല്‍ മാന്താന്‍ തുടങ്ങി. അവന്‍ ഭഗവാന്റെ മുന്നില്‍ ചാടിവീണു. ശ്രീകൃഷ്ണന്‍ അവനെ മുഷ്ടികൊണ്ടിലിച്ചു. പ്രഹരമേറ്റ അസുരന്‍ കുറേനേരം ബോധമറ്റുകിടന്നു. ബോധം തെളിഞ്ഞ കേശി ഭഗവാനെ മസ്തകം കൊണ്ട് കോരിയെടുത്ത് ആകാശത്തില്‍ അനേകദൂരം പൊക്കിയെറിഞ്ഞു. കൃഷ്ണനും കേശിയും ആകാശത്തില്‍വച്ചുതന്നെ ഭയങ്കരയുദ്ധം നടത്തി. കാലുകൊണ്ടും വാലുകൊണ്ടും ആ അസുരന്‍ ഭഗവാനെ താഡിച്ചു. അവസാനം ശ്രീകൃഷ്ണന്‍, ആ ദുഷ്ടനെ, കുട്ടി കളിമണ്‍പാത്രമെന്നപോലെ, നിലത്താഞ്ഞടിച്ചു. എന്നിട്ട്-

‘ഭുജം പ്രവേശയാമാസ
തന്മുഖേ ഭഗവാന്‍ ഹരിഃ
തസ്യോദരേ ഗതോ ബാഹുര്‍-
വവൃധേ രോഗവദ് ഭൃശം’
(അവന്റെ വായില്‍കൂടി വയറുവരെ, ഭഗവാന്‍ കൈകടത്തി, ആ കൈ അവന്റെ വയറില്‍ കിടന്നു വളരാന്‍ തുടങ്ങി) അസുരന് ശ്വാസംമുട്ടി. വയറുപിളര്‍ന്ന് അവന്‍ ചത്തുവീണു. ആ അസുരന്റെ ശരീരത്തില്‍ നിന്ന് കിരീടകുണ്ഡങ്ങളണിഞ്ഞ ഒരു ദിവ്യരൂപം പ്രതൃക്ഷപ്പെട്ടു. ആ പുരുഷന്‍ ഭഗവാന്റെ മുന്നിലെത്തി താണുവണങ്ങി. എന്നിട്ട് ഇപ്രകാരം പറഞ്ഞു:

‘ഭഗവാനേ, ഞാന്‍ ദേവേന്ദ്രന്റെ അനുചരന്‍ കുമുദനാണ്. ഇന്ദ്രന്റെ വെണ്‍കൊറ്റക്കുട പിടിക്കലായിരുന്നു എന്റെ ജോലി.

ഒരിക്കല്‍, ഇന്ദ്രന്‍ ഒരു അശ്വമേധം നടത്തി. വൃത്രാസുരനെ കൊന്നതിനാലുണ്ടായ ബ്രഹ്മഹത്യാപാപം പരിഹരിക്കാനായിരുന്നു ആ യജ്ഞം. അവിടെ വിശേഷപ്പെട്ട ഒരു കുതിരയെ കണ്ടു. അതാകട്ടെ, മേധ്യാശ്വവുമായിരുന്നു. വെളുത്ത കുതിരയാണെങ്കിലും അതിന്റെ ചെവികള്‍ കറുത്തവയായിരുന്നു. ആ അശ്വത്തില്‍ എനിക്കു മോഹമുണ്ടായി. ഞാന്‍ അതിനെ മോഷ്ടിച്ചു. അതലത്തില്‍ കൊണ്ടുപോയി ഒളിപ്പിച്ചു.

ഈ ഹീനകൃത്യം മരുത്തുക്കള്‍ കണ്ടറിഞ്ഞു. അവര്‍ എന്നെ പിടിച്ച് ഇന്ദ്രനെ ഏല്പിച്ചചു. ദേവാദിപന് എന്നില്‍ കോപം ജ്വലിച്ചു. ‘നീ ഒരു രക്ഷസ്സായി പോകട്ടെ’ എന്നദ്ദേഹം ശപിച്ചു.

ആ ശാപമനുസരിച്ചു രാക്ഷസ്സനായി മാറിയ ഞാന്‍ കുതിരയുടെ രൂപം പൂണ്ട് സഞ്ചരിച്ചു. ഭാഗ്യവശാല്‍ പൂര്‍വ്വജന്മവൃത്താന്തം ഓര്‍മ്മയിലുണ്ടായിരുന്നു. അതിനാല്‍, അശ്വരൂപത്തില്‍ സഞ്ചരിച്ചപ്പോഴും ഭഗവദ്ദര്‍ശനത്തിനായി വെമ്പി. കുതിരയുടെവടിവില്‍ രണ്ടുമന്വന്തരക്കാലം ഭൂമിയില്‍ കഴിഞ്ഞു. സജ്ജനഭാഷിതം മിഥ്യയാവുകയില്ലല്ലോ! പ്രഭോ, എന്റെ ഭാഗ്യാതിരേകത്താല്‍, ഇപ്പോള്‍ അങ്ങയെ കാണാനിടയായി. ഭവാന്റെ സ്പര്‍ശമേറ്റ ഞാന്‍ ഇന്ദ്രശാപത്തില്‍നിന്നും മോചിതനായി.

‘കിങ്കരം കുരു മാം ദേവ
ത്വദംഘ്രൗ ലഗ്നമാനസം
നമസ്തുഭ്യം ഭഗവതേ
സര്‍വലോകൈകസാക്ഷിണേ!”
(സര്‍വ്വലോകസാക്ഷിയായ ഭഗവാനേ, അങ്ങയുടെ പാദപദ്മങ്ങളില്‍ മനസ്സുറപ്പിച്ചിരിക്കുന്ന എന്നെ, അങ്ങയുടെ ഭൃത്യനാക്കിയാലും. ദേവ ദേവ, അടിയന്‍ അവിടുത്തെ നമസ്‌കരിക്കുന്നു.)”

കുമുദന്‍ ഭഗവാനെ പ്രദക്ഷിണം ചെയ്തു. നമസ്‌കരിച്ചു. ഏവരും നോക്കിനില്‍ക്കേ, അവിടെ ഒരു തേര് വന്നിറങ്ങി. അതില്‍ നിന്നിറങ്ങിയ നാരായണപാര്‍ഷദന്മാര്‍, കുമുദനെ വണങ്ങി. സ്വീകരിച്ച്, വിമാനത്തിലേറ്റി, വൈകുണ്ഠത്തിലേക്കുപോയി. അവിടെക്കൂടിയ ഭക്തന്മാരെല്ലാവരും ‘കൃഷ്ണ കൃഷ്‌ണേതി’ നാമം ജപിച്ചു. എല്ലാവരും ഭഗവാനെ പ്രദക്ഷിണം ചെയ്ത് നമസ്‌ക്കരിച്ചു. സാദ്ഭുതം, സ്വസ്വഗൃഹങ്ങളിലേക്കുപോയി.

ഭക്തിമയമായ ഈ കഥയുടെ ആന്തരികസത്ത അന്വേഷിക്കാം. ഭാഗവതകഥകളില്‍ ലീനമായിക്കാണാറുള്ള വിശേഷഭാവം ഇതിലുണ്ട്. കംസസഖനായ കേശി ശ്രീകൃഷ്ണനേയും കൂട്ടരേയും നശിപ്പിക്കുവാനടുത്തതായാണ് നാം ആദ്യം കാണുന്നത്. അവന്റെ പൂര്‍വപൃത്തംകൂടി പറഞ്ഞുകൊണ്ടുവേണം ആസുരകര്‍മ്മങ്ങളെ അപഗ്രഥിക്കാന്‍.

ദേവേന്ദ്രന് കുട പിലിക്കുന്ന ജോലിയായിരുന്നു. കുമുദന്, ദേവേന്ദ്രന്‍, ഇന്ദ്രിയാധിനാഥനായ മനസ്സാണ്. എപ്പോഴും ഇന്ദ്രിയഗരസ്തനായി ആശാഭിലാഷങ്ങളും മോഹങ്ങലും മോഹഭംഗങ്ങളുമൊക്കെയായിട്ടാണ് ഇന്ദ്രനെ സങ്കല്പിക്കുന്നത്. ദേവരാജന് കുട പിടിക്കുന്ന ജോലിയായിരുന്നു കുമുദന്. ഐന്ദ്ര്യകര്‍മ്മങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നയാളാണെന്നര്‍ത്ഥം. വിഷയാനുബന്ധവ്യാപാരങ്ങളില്‍ മുഴുകാറുണ്ടെന്നുസാരം! പോരാത്തതിന് അയാള്‍ അസുരനുമാണ്. അസുക്കളില്‍ രമിക്കുന്നവന്‍!

കുമുദന്, യാഗത്തിനായിയെത്തിച്ച അശ്വത്തിലാശയുണ്ടായി. കുതിരയും വിശേഷപ്പെട്ടതായിരുന്നു. വെളുത്തതാണെങ്കിലും, അതിന്റെ ചെവികള്‍ കറുത്തവയായിരുന്നു. അത്, കുമുദന് കൂടുതല്‍ ആകര്‍ഷകമായി. ഈശ്വരാര്‍പ്പണമാണ് യജ്ഞം. നാല് പുരുഷാര്‍ത്ഥങ്ങളായ കാലുകളുറപ്പിച്ചു നില്‍ക്കുന്ന ജീവന്‍തന്നെയാണ് അശ്വം. ശ്വേതവര്‍ണ്ണമായ ആ ഹയത്തിന്റെ ചെവി കറുത്തിട്ടാണെന്ന വിശേഷം ശ്രദ്ധേയം! മനുഷ്യന്റെ ജീവിതം ഈശ്വരാര്‍പ്പിതമാണെങ്കിലും ഇന്ദ്രിയനിഗ്രഹം അത്ര എളുപ്പമല്ല! ചെവി കറുത്തിട്ടാണെന്നത്, കുത്സിത വൃത്തിയാര്‍ന്ന ഇന്ദ്രിയം എന്ന അര്‍ത്ഥം വ്യക്തമാക്കുന്നു. അത്തരം സവിശേഷതകള്‍ സ്വതവേ, ഇന്ദ്രിയാസക്തരെ പ്രതിനിധീകരിക്കുന്നു. കുമുദന് യജ്ഞാശ്വത്തിലാഗ്രഹമുണ്ടായി എന്നു പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്.

കുമുദം എന്നാല്‍ ആമ്പലെന്നുമര്‍ത്ഥം. അതിനാകട്ടെ മനസ്സിന്റെ പ്രതീകമായ ചന്ദ്രനെയാണ് പ്രിയം. ഇന്ദ്രിയങ്ങളും മനസ്സും പരസ്പരാകൃഷ്ടമാവുക സ്വാഭാവികം! മേദ്ധ്യാശ്വത്തിലാശവന്ന കുമുദന്‍ അതിനെ മോഷ്ടിച്ചു. ഒളിപ്പിച്ചു. ഉദ്ദിഷ്ടകര്‍മ്മം സാദ്ധ്യമാകാതെ ഇന്ദ്രന്‍ ക്ഷുഭിതനായി. ചെയ്തപാപം പരിഹരിക്കാനായി – വൃത്രാസുരവധംമൂലമുണ്ടായ ബ്രഹ്മഹത്യാപാപമോചനത്തിനായി – ശ്രമിക്കുകയായിരുന്നല്ലോ ഇന്ദ്രന്‍? മനസ്സ് പശ്ചാത്താപപൂര്‍വ്വം പാപപരിഹാരത്തിനായി യത്‌നിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ ലൗകികങ്ങളില്‍ മുഴുകാന്‍ ശ്രമിച്ചാല്‍ അന്തഃസംഘര്‍ഷമാവും ഫലം! ആ മാനസിക വൈക്ലബ്യമാണ് ഇന്ദ്രശാപം. കുമുദന്‍ രക്ഷസ്സായിപ്പോകട്ടെ എന്നത്!

ഈ ശാപകഥയെ, കാര്യകാരണബന്ധത്തിനുള്ള സൗകര്യമെന്നുമാത്രം കണ്ടാല്‍മതി. ഇന്ദ്രിയഗ്രസ്തനായ വ്യക്തി ക്രമേണ ചെന്നെത്തുന്നത് രാക്ഷസധര്‍മ്മങ്ങളില്‍ത്തന്നെ. കുമുദന്‍ രാക്ഷസനായി. ശരീരാഭിമാനിയായി. എത്രമേലുയരങ്ങളില്‍-ആദ്ധ്യാത്മികമായും – കഴിഞ്ഞാലും ഇന്ദ്രിയനിഗ്രഹം സാധിക്കാതെ വന്നാല്‍ വളരെ വേഗം അധഃപതിക്കും. കുമുദന്റെ കാര്യത്തില്‍ സംഭവിച്ചതും അതുതന്നെ. ‘ക്ഷീണേ പുണ്യേ മര്ത്യലോകം വിശന്തി’ എന്നു പറയുന്നതില്‍പ്പോലുമുള്ള പൊരുളിതാണ്. പുണ്യകര്‍മ്മഫലമായി നേടുന്ന സ്വര്‍ഗ്ഗം, പുണ്യക്ഷയത്തില്‍, നഷ്ടമാകുന്നു. നിരന്തരശ്രദ്ധയുണ്ടെങ്കിലോ, ഈ വഴിയില്‍ ഉത്തരോത്തരം പുരോഗമിക്കാന്‍ കഴിയൂ. ഉദാഹരണങ്ങളനവധി. ബ്രഹ്മര്‍ഷിപദം കാമിച്ചു തപം ചെയ്ത വിശ്വാമിത്രന്‍ മേനകാമേനിയില്‍ കൊതിയാര്‍ന്നതും സംസാരപാരം കടന്ന പരാശരമഹര്‍ഷി, ഗംഗ കടക്കുന്നതിനിടയില്‍, ദാശപുത്രിയെ കൊതിച്ചതും സ്മരണീയം! അങ്ങനെ കാമാസക്തരാകുന്നവര്‍ക്ക് – ഇന്ദ്രിയങ്ങള്‍ക്കിടമയാകുന്നവര്‍ക്ക് – മോചനം എളുപ്പമല്ല. ആയിരംവര്‍ഷം കാമസുഖമനുഭവിച്ചുകഴിഞ്ഞിട്ടും മതിവരാത്ത യയാതിയുടെ ചരിത്രവും ഇവിടെ പ്രസ്താവ്യമാണ്.

കുമുദന്‍ രാക്ഷസനായി. കേശി എന്ന നാമത്തില്‍ കുതിരയുടെ രൂപംപൂണ്ട് ലോകസഞ്ചാരം തുടങ്ങി. കുതിര ഇന്ദ്രിയാസക്തിയുടെ  പ്രതീകമാണ്. ശരീരകാമനയുടേയും. സ്വകീയബലം മറ്റ് ഏതിനേക്കാളും വലുതാണെന്നെണ്ണുക ദേഹാഭിമാനികളുടെ സ്വഭാവമാണ്. അതുകൊണ്ടുതന്നെയാണ് ഏതിനേയും കുത്തി മറിക്കുന്നതിന്, അവര്‍ തയ്യാറാകുന്നത്.

വാലുയര്‍ത്തി ഉറക്കെ ഗര്‍ജ്ജിച്ചുകൊണ്ടാണ് കേശി ഗോപാലന്മാരുടെ ഇടയിലേക്കു പ്രവേശിച്ചത്. എന്നിട്ട് ഗോപാലന്മാരേയും ഗോക്കളേയും ഉപദ്രവിച്ചു. ആസുരപ്രകൃതികളങ്ങനെയാണ്. ദേവീഭാവമുള്ളവരെ എതിര്‍ക്കുമവര്‍! അതിന് ഒരുകാരണവും വേണ്ട. കാരണമുണ്ട്. അത് അവര്‍ ആസുരപ്രകൃതികളാണെന്നതുതന്നെ. തങ്ങളുടെ സ്വഭാവത്തിനിണങ്ങാത്തവരെ ശത്രുക്കളായി കാണുക അഹങ്കാരികളുടെ സ്വഭാവമാണ്. വാലുയര്‍ത്തി വീശിയും ഗര്‍ജ്ജിച്ചും അസുരന്‍ ഭീതിപരത്തിയെന്നു പറഞ്ഞല്ലോ? ആ വാലുയര്‍ത്തല്‍ അഹങ്കാരത്തെയാണ് പ്രകടമാക്കുന്നത്. ഗര്‍ജ്ജനം ശരീരാഭിമാനത്തേയും. തന്റെ സാന്നിദ്ധ്യമറിയിക്കുകയും മറ്റുള്ളവരെ നിസ്സാരമായി കാണുകയുമാണ് മേല്‍ക്കാണിച്ച പ്രവൃത്തികളുലെ ലക്ഷ്യം!

കേശിയുടെ വാലടിയേറ്റ് ബാലന്മാര്‍ പേടിച്ചുവിറച്ചു. മേഘങ്ങള്‍ കഷ്ണങ്ങളായി. അതിന്റെ ചവിട്ടേറ്റ്  വൃക്ഷങ്ങള്‍ കടപുഴകി വീണു. ഈ വിശദീകരണം ഏറെ ശ്രദ്ധേയമാണ്. ആസുരകര്‍മ്മങ്ങള്‍ ഭാസുരതകള്‍ക്കു വിനയാകും. ശാന്തിവനം അശാന്തമാകും. സജ്ജനങ്ങള്‍ അസ്വസ്ഥരാകും. സ്ഥാവരധര്‍മ്മങ്ങള്‍ക്ക് ഇളക്കവുമുണ്ടാകും. ഈ വക ആശയങ്ങളാണ്, മേല്‍ക്കാണിച്ച വരികളില്‍ പ്രതീകമാത്മകമായി അവതരിപ്പിച്ചിരിക്കുന്നത്.

ഗോപാലന്മാര്‍, തങ്ങളുടെ രക്ഷകനായ ശ്രീകൃഷ്ണനോട് ആവലാതി പറഞ്ഞു. ഉണ്ടായ വിപത്തില്‍ നിന്നു രക്ഷിക്കണേ എന്നപേക്ഷിച്ചു. ഭഗവാന്‍, ‘മാ ഭൈഷ്ട്യം’ എന്നഭയം കൊടുത്തു. ഭാഗവതധര്‍മ്മമാണിവിടെ പ്രകാശം പരത്തുന്നത്. ഭക്തന്മാര്‍, തങ്ങളെ ‘ഊനം കൂടാതെ പാലിക്കണേ’ എന്ന് ഭഗവാനോടഭ്യര്‍ത്ഥിച്ചു. ”സര്‍വ്വ ധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ” എന്നവിധം ഈശ്വരാര്‍പ്പണമായി പ്രവര്‍ത്തിക്കുന്നവരെ രക്ഷിക്കേണ്ടത് ഭഗവാന്റെ കര്‍ത്തവ്യമാണ്. ‘അഹം ത്വാ സര്‍വ്വ പാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ എന്ന ഭഗവദ്വാക്യം സാര്‍ഥമാക്കേണ്ടതാണല്ലോ? അതിനാല്‍, ഗോപന്മാരുടെ അഭ്യര്‍ത്ഥനമാനിച്ച് ശ്രീകൃഷ്ണഭഗവാന്‍ കേശിയെ നേരിടാന്‍ ഒരുങ്ങി പുറപ്പെട്ടു.

പീതാംബരം മുറുക്കിയുടുത്ത് കേശിയോടടുത്ത ഭഗവാനെ അസുരന്‍ പിന്‍കാലുകൊണ്ട് തൊഴിച്ചു. ഇവിടെ ഏറ്റുമുട്ടുന്നത് ധര്‍മ്മാധര്‍മ്മങ്ങളാണ്. മുറുക്കിയുടുത്ത പീതംബരം ധര്‍മ്മത്തിന്റെ പ്രതീകം. ധര്‍മ്മത്തിന്റെ പിന്‍ബലത്തോടെ കേശിയെ (ആസുരവാസനയെ) ചെറുക്കുന്നു എന്നുസാരം. അത്തരം സംഗരത്തില്‍ ആത്യന്തിക വിജയം ധര്‍മ്മത്തിനുണ്ടായേ പറ്റു! അഥവാ ധര്‍മ്മമേ വിജയിക്കൂ! എന്നാല്‍, സംഘര്‍ഷപ്രാരംഭഘട്ടത്തില്‍ അധര്‍മ്മം, ശക്തിയോടെ, ഏതിര്‍ത്തു നില്‍ക്കും. ശ്രീകൃഷ്ണന്‍ കേശിയുടെ കാലുകള്‍ കൂട്ടിപ്പിടിച്ച് ഒരുയോജന ദൂരേക്കെറിഞ്ഞു. കേശിയാകട്ടെ കോപംപൂണ്ട് ഗര്‍ജ്ജിച്ചുകൊണ്ടടുത്ത് ശ്രീകൃഷ്ണനെ വാലുകൊണ്ടടിച്ചു. ധര്‍മ്മവും ശമവുമൊന്നും അധര്‍മ്മിയെ ശാന്തനാക്കുകയില്ല. വിവേകരഹിതമായ പ്രവൃത്തിയിലൂടെയാവും അയാളുടെ പ്രതികരണം! അസുരന്‍ ഭഗവാനെ വാലുകൊണ്ടടിച്ചു. അഹങ്കാരത്തോടെ ഭഗവാനോടെതിര്‍ത്തു എന്നു സാരം!

തുടര്‍ന്നുള്ള യുദ്ധത്തില്‍ കേശി കുറഞ്ഞൊന്നുവലഞ്ഞു. ശരീരം വേദനിച്ചു. മനസ്സിന് ക്ഷീണമുണ്ടായി. ഭഗവത്‌സ്പര്‍ശം കേശിയില്‍ പരിണാമമുണ്ടാക്കി. ശരീരബലം ക്ഷയിച്ചു എന്നാല്‍. ശരീരാഭിമാനം കുറഞ്ഞു എന്നാണര്‍ത്ഥം. അതിനിടയിലവന്‍, ഭഗവാനെ കോരിയെടുത്ത് ആകാശത്തില്‍ അനേകദൂരം പൊക്കിയെറിഞ്ഞു. ഇവിടെ, കഥയില്‍ വാച്യമായി കാണുന്നതില്‍നിന്നും വിപരീതമായ അര്‍ത്ഥം വേണം മനസ്സിലാക്കാന്‍, ഭഗവാനെ കേശി ശിസ്സിലേറ്റി. ഈശ്വരഭാവം ഉള്ളിലേക്കിറങ്ങാന്‍ തുടങ്ങി ഉയര്‍ന്ന് ആകാശത്തില്‍വച്ചുതന്നെ, ശ്രീകൃഷ്ണനുമായി യുദ്ധം തുടങ്ങി. ഒരു വിശേഷസന്ദര്‍ഭമാണിത്. ഈ ആകാശം മനസ്സല്ലാതെ മറ്റൊന്നുമല്ല! അവിടമിപ്പോള്‍ സംഘര്‍ഷഭവത്‌സംഗമുണ്ടായാല്‍ മാനസാന്തരം നിശ്ചയം! ശ്രീഭഗവാന്‍ കേശിയെ, കുട്ടികള്‍ മണ്‍കുടം എന്നപോലെ ഭൂമിയിലാഞ്ഞടിച്ചു. കുടം തകര്‍ന്നുതരിപ്പണമാകുമല്ലോ! അതുപോലെ ഈശ്വരസംഗം കൊണ്ട് അസുരപ്രമാണിയുടെ ശരീരമാകുന്ന കുടം തകര്‍ന്നടിഞ്ഞു. ദേഹാഭിമാനം കുറഞ്ഞു. ക്രമേണ അതില്ലാതായി. ശ്രീഗര്‍ഗ്ഗന്‍ ഇക്കാര്യമറിയിക്കുന്നത് തികച്ചും വിശേഷരീതിയിലാണ്.

ശ്രീകൃഷ്ണഭഗവാന്‍ കേശിയെ നിലത്തുവീഴ്ത്തി. അവന്റെ പിളര്‍ന്ന വായിലൂടെ തന്റെ കൈ മുഴുവന്‍ ഭഗവാന്‍ അകത്തുകടത്തി. ആ കൈ അസുരന്റെ ഉള്ളില്‍ കിടന്നുവളര്‍ന്നു. ഭഗവത്സംഗത്താല്‍ മനം മാറിയ അസുരന്‍ ഈശ്വരനെ ഹൃദയത്തില്‍ ധരിച്ചു എന്നുസാരം. മാത്രമല്ല, ഭഗവചിന്തയാല്‍ മനം നിറച്ചു. അതുവളര്‍ന്നു വളര്‍ന്ന് ശരീരംതന്നെ ഛിന്നഭിന്നമായി. ഈശ്വരചിന്തവളര്‍ത്തി, ഐഹികഭാവം അകറ്റി, ശരീരചിന്ത നഷ്ടപ്പെടുത്തി, ദേഹാഭിമാനം വെടിഞ്ഞ് പരമേശ്വരഭക്തി വര്‍ദ്ധിപ്പിച്ച് ശ്രീനാഥനില്‍ മനസ്സുറപ്പിച്ചു. ഇത് പരമഭക്തന്മാരുടെ മനസപരിണാമം! ശോകമോഹങ്ങളും ദേഹാഭിമാനവും വെടിയുന്ന ഭക്തര്‍ ഭഗവാനില്‍ ശരണം പ്രാപിക്കുന്നു.

ശ്രീകൃഷ്ണന്റെ കൈ കോശിയുടെ ഉള്ളില്‍ വളര്‍ന്ന് വളര്‍ന്ന് അസുരന്റെ ശരീരം പിളര്‍ന്നു. ആ ദേഹത്തില്‍നിന്നും തേജോമയനായ ഒരു ദിവ്യപുരുഷന്‍ പ്രതൃക്ഷപ്പെട്ടു. ഇതുതന്നെ മധുവിദ്യയുടെ ഫലം! ആദ്ധ്യാത്മിക വളര്‍ച്ചയുടെ പരമഫലം! കാട്ടാളനേയും ഋഷിവര്യനാക്കുന്ന ദിവ്യകര്‍മ്മം! മുമ്പേ, നാം കണ്ട അസുരേശനല്ല, ഈ പുരുഷന്‍! ദൈവികജ്ഞാനം അവനെ മറ്റൊരാളാക്കി മാറ്റി. ഉള്ളില്‍ വളര്‍ന്ന പരമാര്‍ത്ഥവസ്തുവിനെ അവന്‍ എല്ലായിടത്തും കണ്ടു. ‘ഏകമയം പരബ്രഹ്മം’ എന്ന വസ്തുത മനസ്സിലാക്കി. ഗേയം കൃഷ്ണനാമമെന്നും ധ്യേയം കൃഷ്ണരൂപം മാത്രമെന്നും. തന്‍രെ മുന്നില്‍ നില്‍ക്കുന്ന പരബ്രഹ്മമൂര്‍ത്തിയെ ശരണം പ്രാപിക്കുകതന്നെയാണ് കരണീയമെന്നുറച്ച് ശ്രീകൃഷ്ണപാദത്തില്‍ വീണു വണങ്ങി. ആനന്ദമൂര്‍ത്തിയെ ശരണം പ്രാപിച്ച മഹാഭക്തനായി മാറി. അങ്ങനെ ചെയ്യുന്നവരുടെ ‘യോഗക്ഷേമം വഹാമൃഹം’ എന്നു പറഞ്ഞ ഭഗവാന്‍ കേശിയെ തന്നോടുതന്നെ ചേര്‍ത്തു.

ആകാശത്തില്‍ നിന്നറങ്ങിവന്ന തേരിലേറി ഈശ്വരപാര്‍ഷദന്മാരാല്‍ അനുപ്രയാതനായി ആ ഭക്താഗ്രണി ഗോലോകധാമം പൂകി.

സത്‌സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിര്‍മ്മോഹത്വം
നിര്‍മ്മോഹത്വേ നിശ്ചലചിത്തം
നിശ്ചലചിത്തേ ജീവന്മുക്തിഃ”-
എന്ന ആചാര്യവചനം, കേശികഥ ആദ്യന്തം ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയും. കേശിവധമെന്നല്ല, കേശിമോചനമെന്നുവേണം ഈ കഥയ്ക്കു പേരിടാന്‍!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം