അന്തര്‍വാഹിനി ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചു; മലയാളികള്‍ അടക്കം 18 മരണം

August 14, 2013 ദേശീയം

explosion-sliderമുംബൈ:  ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക  അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചു. അതീവ സുരക്ഷയുള്ള മുംബൈയിലെ മിലിട്ടറി ഡോക് യാര്‍ഡില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ടോളം നാവികരില്‍ ചിലര്‍ മരിച്ചതായി സംശയമുണ്ടെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി പ്രതികരിച്ചു.  തീപിടുത്തത്തെ തുടര്‍ന്ന് കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങിക്കൊണ്ടിരിക്കയാണ്.  നാവിക സേന മേധാവിയും മുംബൈയിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന പതിനെട്ടോളം നാവികരില്‍ ചിലരെങ്കിലും മരിച്ചതായി ആശങ്കയുണ്ടെന്നും  ഇന്ത്യന്‍ നാവികസേനയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നതെന്നും എ കെ ആന്റണി അറിയിച്ചു. അപകടം സംബന്ധിച്ച വിശദാംശങ്ങള്‍ ആന്റണി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

അന്തര്‍വാഹിനിക്കുള്ളില്‍ വെച്ച് തന്നെ ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളാണ് തീപിടുത്തത്തിന് ഇടയാക്കിയത്.  സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തം പുലര്‍ച്ചെ 3 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. അന്തര്‍വാഹിനി മുങ്ങിത്താണു കൊണ്ടിരിക്കുകയാണെന്നും ഒരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്നും നേവി അറിയിച്ചു.  നാവിക സേനയുടേതടക്കം 16 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടകാരണം വ്യക്തമായിട്ടില്ല. മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെയുള്ള അത്യാധുനിക യുദ്ധ സന്നാഹങ്ങള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഏതെങ്കിലും യുദ്ധോപകരണങ്ങള്‍ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമായതെന്ന  അഭിപ്രായം നേവി അധികൃതര്‍ പറയുന്നുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് അന്തര്‍വാഹിനിക്ക് സമീപമുണ്ടായിരുന്ന മറ്റ് ചില ബോട്ടുകള്‍ക്കും തീപിടുത്തം ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് ഐഎന്‍എസ് സിന്ധുരത്‌ന അപകടസ്ഥലത്ത് നിന്നും മാറ്റി. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി നേവി അധികൃതര്‍ അറിയിച്ചു. പ്രതിരോധ മന്ത്രി എ കെ ആന്റണിയും  നാവിക സേന മേധാവി ടി.കെ. ജോഷിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 1980കളിലുണ്ടാക്കിയ കരാര്‍ പ്രകാരം റഷ്യയില്‍നിന്നു വാങ്ങിയ മുങ്ങിക്കപ്പലാണിത്. 1997ലാണ് കമ്മിഷന്‍ ചെയ്തത്. നാലു മാസങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റപ്പണി കഴിഞ്ഞ റഷ്യയില്‍നിന്ന് മടങ്ങിയതേയുള്ളൂ. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നത്. മുങ്ങികപ്പലില്‍ ആന്റി ഷിപ്പ് ക്ളബ് മിസൈലുകള്‍ അടക്കം വന്‍ ആയുധശേഖരമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നാവിക സേന അധികൃതര്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 18 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്നിബാധയില്‍ രണ്ടു മലയാളികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലിജു ലോറന്‍സ്, വിവേക് എന്നീ മലയാളികളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.  രക്ഷാപ്രവര്‍ത്തനത്തില്‍ പരുക്കേറ്റവരെ  ഇന്ത്യന്‍ നേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം