ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ 23

August 15, 2013 സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍

അജ്ഞാനനിവാരണത്തിന്റെ രീതി ദൃഷ്ടാന്തം കൊണ്ട് സമര്‍ത്ഥിക്കുന്നു.

ഭ്രാന്തേര്‍നാശേ നൈവ സര്‍പ്പോപി തദ്വത്
(വിവേകചൂഡാമണി 197)

ഭ്രമജ്ഞാനം ഇല്ലാതായാല്‍ രജ്ജുവില്‍ സര്‍പ്പബുദ്ധിയില്ല. അതുപോലെ…
കയറില്‍ സര്‍പ്പപ്രതീതിക്കുകാരണം പ്രകാശത്തിന്റെ കുറവാണ്. ഈ തെറ്റായ ധാരണ ഭ്രമം നിലനില്ക്കുന്ന കാലംവരെ മാത്രമേ ഉള്ളൂ. കൂടുതല്‍ പ്രകാശം ഉണ്ടായാല്‍ ഭ്രമജ്ഞാനം ഇല്ലാതാകും. അപ്പോള്‍ താന്‍ കാണുന്നത് പാമ്പല്ല, മറിച്ച് വെറും ഒരു കയര്‍ തുണ്ടാണെന്ന് ബോദ്ധ്യപ്പെടും. ബ്രഹ്മജ്ഞാനത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.

പ്രാപഞ്ചികമായ ഈ മിഥ്യാജ്ഞാനം ബ്രഹ്മജ്ഞാനം ഉണ്ടാകുന്ന കാലംവരെ മാത്രമേ നിലനില്ക്കുകയുള്ളൂ. ബ്രഹ്മജ്ഞാനമുണ്ടായിക്കഴിഞ്ഞാല്‍ ബ്രഹ്മഭിന്നമായി ഒന്നുമില്ലെന്ന ബോധവും ഉണ്ടാകും. ഈ അവസ്ഥയാണ് ‘അഹം ബ്രഹ്മാസ്മി’ (ഞാന്‍ ബ്രഹ്മമാകുന്നു) എന്നതില്‍ ഉള്ളത്. ഈ യഥാര്‍ത്ഥജ്ഞാനം ഉണ്ടാകുന്നതിനുമുമ്പുള്ള ഈ അറിവ് ഒരു കാലത്തും വസ്തുതാപരമായി ഉള്ളതല്ല.

എന്നാല്‍ ഈ സത്യം മനസ്സിലാക്കുന്നത് ആത്യന്തിക സത്യം ഉള്‍ക്കൊള്ളുമ്പോള്‍ മാത്രം. കയറിനെ പാമ്പാണെന്നു കണ്ട അവസരത്തിലും യഥാര്‍ത്ഥത്തില്‍ അവിടെ പാമ്പില്ലാതിരുന്നു. ഇതുപോലെയാണ് ഈ പ്രപഞ്ചികസത്യത്തിന്റെയും കാര്യം. ബ്രഹ്മത്തെ നാനാവിധമായ പ്രപഞ്ചമായി കണ്ടപ്പോഴും അതു വാസ്തവത്തില്‍ ഇല്ലായിരുന്നു.

അതുകൊണ്ട് യഥാര്‍ത്ഥസത്യം ബോധിതമായതിന്റെ സ്ഥാനത്ത് ഉണ്മയായി ഒരിക്കലും അയഥാര്‍ത്ഥം ഉണ്ടായിരുന്നിട്ടില്ല. തെറ്റായ ജ്ഞാനം ജ്ഞാതാവിനു മാത്രമേ ദോഷം ചെയ്യുകയുള്ളൂ. സത്യത്തിന് അതുകൊണ്ട് തെല്ലും ദോഷമുണ്ടാവില്ല. കയറിനെ പാമ്പായിക്കാണുന്നതുകൊണ്ട് ഒരു ദോഷവും സത്യമായ കയറിന് വന്നിട്ടില്ല. ഭ്രമജ്ഞാതാവിനു ദോഷമുണ്ടായിക്കാണും. അയാള്‍ ഭയക്കുകയും വിയര്‍ക്കുകയും നിലവിളിക്കുകയുമൊക്കെ ചെയ്‌തെന്നുവരാം.

ചിലപ്പോള്‍ ഭയന്നോടുന്നതിനിടയില്‍ തലകുത്തി വീണെന്നുവരാം. ഇതുപോലെ അയഥാര്‍ത്ഥമായ പ്രപഞ്ചജ്ഞാനം ഒരുവനെ സംസാരസാഗരത്തിന്റെ അഗാധകയങ്ങളില്‍ മുക്കി മരണവേദന അനുഭവിപ്പിച്ചെന്നുവരാം.

രജ്ജുസര്‍പ്പത്തിലെ രജ്ജുവിനെ സര്‍പമായി കണ്ടതുകൊണ്ട് രജ്ജുവിന് ഒരു ദോഷവും ഇല്ല. ഇതുപോലെ ബ്രഹ്മത്തെ അതല്ലാത്തതായി കണ്ടതുകൊണ്ട് ബ്രഹ്മത്തിന്റെ സത്തയ്ക്ക് ഒരു ഭേദവും ഇല്ല്, ദോഷവും ഇല്ല. ബ്രഹ്മം എല്ലാ അദ്ധ്യാരോപങ്ങള്‍ക്കും ഉപരിയാണല്ലോ.

ആരോപണങ്ങളെല്ലാം അത് ഉള്‍ക്കൊള്ളുന്നവനില്‍ മാത്രമാണ്; അതിനു വിധേയമാകുന്ന അധിഷ്ഠാനസത്തയ്ക്കുള്ളതല്ല. ആത്യന്തികസത്യമായ ജ്ഞാനം ഉണ്ടാകുമ്പോള്‍ ബ്രഹ്മത്തിന്റെ ജീവത്വബോധം നശിക്കുന്നു. നിത്യമായ ബ്രഹ്മാനന്ദം മാത്രം നിലനില്ക്കുന്നു.

അയഥാര്‍ത്ഥജ്ഞാനം ഇല്ലാത്തതാണല്ലോ. ഇല്ലാത്തത് എങ്ങനെയാണ് ഇല്ലാതാകുന്നത്? ഒരു ഭാവത്തിലേ അഭാവം പറയാന്‍ പറ്റുകയുള്ളൂ? അഭാവത്തില്‍ അഭാവം പറയുന്നതെങ്ങനെ? ഇവിടെ പാമ്പായിക്കണ്ടതും, ഞാന്‍ അവന്‍ എന്ന ബോധവുമെല്ലാം കല്പിതം മാത്രമാണ്.

അതായത് ഇവിടെ കല്പിതവസ്തുവിന്റെ നാശം എന്നാല്‍ അധിഷ്ഠാനസത്തയുടെ നാശമല്ല. കേവലം അധിഷ്ഠാനത്തിന്റെ ബുദ്ധിനിഷ്ഠമായ ഒരു ബോധത്തിന്റെ നാശം മാത്രമാണ്. അത് വെറും അദ്ധ്യാരോപമാണെന്ന് മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അദ്ധ്യാരോപമാകട്ടെ വെറും ബൗദ്ധികമായ ഒരു തോന്നലാണ്. ഇപ്രകാരം യഥാര്‍ത്ഥജ്ഞാനമുണ്ടാകുമ്പോള്‍ നശിക്കുന്നത് തെറ്റായ തോന്നല്‍ മാത്രം.

ഈ ഭൗതികലോകത്തെക്കുറിച്ചുള്ള അറിവ് ഭ്രമജന്യമാണ്. അത് കയറിനെ പാമ്പെന്നു കാണുന്നതുപോലെ തന്നെ. ബ്രഹ്മജ്ഞാനദശയില്‍ ഭ്രമജന്യമായ പ്രാപഞ്ചിക ജ്ഞാനമെല്ലാം അസ്തമിക്കും, നല്ലവെളിച്ചത്തില്‍ കയറിനെ പാമ്പെന്നറിഞ്ഞത് മാറുന്നതു പോലെ – എന്നാണ് ആചാര്യന്‍ അരുളിചെയ്യുന്നത്.

ഇല്ലാവചനങ്ങള്‍ ഉള്‍ക്കൊണ്ട് ഒരുവനെ തെറ്റിദ്ധരിക്കുകയും അപ്രകാരമുള്ള അയഥാര്‍ത്ഥങ്ങള്‍ പരത്തി അന്യരെക്കൊണ്ട് തെറ്റിദ്ധാരിപ്പിക്കുകയും ചെയ്താലും ആരോപണവിധേയനായവന് ആത്യന്തികമായി ദോഷമൊന്നുമില്ല.

കയറിനെ പാമ്പാണെന്ന് സ്വയം കണ്ടതിലും അത് പാര്‍ശ്വത്തിലുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തതിലും കയറിന് ഒരു ദോഷവുമില്ലല്ലോ. അത്യന്തികമായി ആരോപണങ്ങള്‍ അത് പടച്ചുവിടുന്നവനു മാത്രമേ ദോഷം ചെയ്യുകയുള്ളൂ എന്ന വ്യാവഹാരികസത്യം ഈ ഉദാഹരണത്തില്‍ അന്തര്‍ഹിതമായിരിക്കുന്നു.

ആചാര്യന്‍തന്നെ പ്രച്ഛന്നബുദ്ധന്‍, ആചാരവിരോധി എന്നിങ്ങനെ പല ആരോപണങ്ങള്‍ക്കും വിധേയനായിരുന്നല്ലോ. അതൊന്നും തെല്ലും അദ്ദേഹത്തിന് ദോഷം ചെയ്തിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം